എബിഡിയുടെ തിരിച്ചുവരവ് തടഞ്ഞു, കുറ്റബോധമോ? സെലക്ടറുടെ ഞെട്ടിക്കുന്ന പ്രതികരണം...
ജൊഹാനസ്ബര്‍ഗ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീം വിജയമെന്തെന്ന് അറിയാതെ വലയവെ പുതിയൊരു വിവാദം ചൂടുപിടിക്കുകയാണ്. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പില്‍ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ തഴയുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് പ്രേമികളെ ഒന്നങ്കം ഞെട്ടിക്കുന്നതാണ് ടീം മാനേജ്‌മെന്റ് ഈ നിലപാട്.
വിവാദം മുറുകവെ ഈ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ലിന്‍ഡ സോന്‍ഡി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ലോകകപ്പില്‍ പതറവെ എബിഡിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകവെയാണ് താരത്തെ ടീം മാനേജ്‌മെന്റ് ഒഴിവാക്കിയെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

വിരമിക്കരുതെന്ന് ആവശ്യപ്പെട്ടു
2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി എബിഡി പ്രഖ്യാപിച്ചപ്പോള്‍ അത് ചെയ്യരുതെന്ന് അദ്ദേഹത്തോട് താന്‍ ആവശ്യപ്പെട്ടിരുന്നതായി സോന്‍ഡി പറഞ്ഞു. വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളെ നിരീക്ഷിക്കാനും തുടര്‍ന്ന് കൂടുതല്‍ ഫ്രഷായി ലോകകപ്പിനു വേണ്ടി ടീമില്‍ തിരിച്ചെത്താനുമാണ് എബിഡിയോടു പറഞ്ഞത്.
എന്നാല്‍ തന്റെ നിര്‍ദേശം എബിഡി നിരസിക്കുകയായിരുന്നു. വിരമിക്കാനുള്ള തീരുമാനം തനിക്ക് ഏറെ സമാധാനം നല്‍കുന്നുവെന്നും എബിഡി പറഞ്ഞതായി സോന്‍ഡി വെളിപ്പെടുത്തി.

നീതികേടാവും
ലോകകപ്പ് ടീമില്‍ അവസാന നിമിഷം ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയാല്‍ അതു മറ്റു കളിക്കാരോട് ചെയ്യുന്ന നീതികേടാവുമെന്നും സോന്‍ഡി വ്യക്തമാക്കി. ടീമിനോടും സെലക്ഷന്‍ പാനലിനോടുമെല്ലാം നീതി പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടാണ് വിരമിക്കല്‍ പിന്‍വലിച്ച് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും സോന്‍ഡി അറിയിച്ചു.
ഡിവില്ലിയേഴ്‌സിനു പകരം ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിലെത്തിയ വാന്‍ഡര്‍ ഡ്യുസന്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യത്തെ നാലു ഏകദിനങ്ങളില്‍ മൂന്നിലും താരം ഫിഫ്റ്റി നേടിയിരുന്നു.

എബിഡിയുടെ വാക്കുകള്‍ ഞെട്ടിച്ചു
ലോകകപ്പ് ടീമിലേക്കു തന്നെ പരിഗണിക്കണമെന്ന അഭ്യര്‍ഥനയുമായി ഡിവില്ലിയേഴ്‌സ് സമീപിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍ എന്നിവരടക്കം എല്ലാവര്‍ക്കും അതൊരു ഷോക്കായിരുന്നുവെന്നു സോന്‍ഡി വ്യക്തമാക്കി.
വിരമിച്ച് ഒരു വര്‍ഷത്തിനിടെ അതിനു മുമ്പൊന്നും അദ്ദേഹം കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. എബിഡി അഭ്യര്‍ഥനയുമായി സമീപിക്കുമ്പോഴേക്കും ലോകകപ്പ് ടീമിനെ തങ്ങള്‍ ഉറപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ തന്നെയാണ് എബിഡി. അക്കാര്യത്തില്‍ സംശയമില്ല. പക്ഷെ നീതിയോടും നിയമങ്ങളോടും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ തഴഞ്ഞതില്‍ കുറ്റബോധമില്ലെന്നും സോന്‍ഡി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications