ദുബായ്: ലോക പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹൈജംപില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം നിഷാദ് കുമാര്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാരാലിമ്പിക്സിന് യോഗ്യത നേടി. ടി44 വിഭാഗത്തില്‍ മത്സരിച്ച നിഷാദ് കുമാര്‍ ആദ്യ ചാട്ടത്തില്‍ 1.75ഉം പിന്നീട് 1.97ഉം മീറ്റര്‍ ചാടിക്കടന്നു. 2.03 മീറ്റര്‍ ഉയരത്തില്‍ ചാടിയ അമേരിക്കയുടെ റോഡെറിക് ടൗണ്‍സെന്റ് റോബര്‍ട്ട്സ് ആണ് സ്വര്‍ണം നേടിയത്. 2 മീറ്റര്‍ ഉയരം കണ്ടെത്തിയ ചൈനീസ് താരം ഹോങ്ജി ചെന്‍ വെള്ളിയും നേടി.
ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെ മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ടെന്ന് നിഷാദ് കുമാര്‍ പറഞ്ഞു. ടോക്യോ പാരാലിമ്പിക്സ് ആണ് ഇനി ലക്ഷ്യമിടുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ കഠിനമായി പോരാടി. വീട്ടിലേക്ക് മടങ്ങിയാല്‍ ഉടന്‍ ടോക്യോ പാരാലിമ്പിക്സിനായുള്ള പരിശീലനം തുടങ്ങുമെന്നും താരം പറഞ്ഞു. നിഷാദിന് 2.30 മീറ്റര്‍വരെ ചാടാനുള്ള കഴിവുണ്ടെന്നാണ് പരിശീലകന് സത്യനാരായണ വ്യക്തമാക്കുന്നത്. പാരാലമ്പിക്സില്‍ മെഡല്‍ നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനില്‍ കേമന്‍... കോലിയോ, രോഹിത്തോ? വ്യത്യാസം ചൂണ്ടിക്കാട്ടി ശിഖര്‍ ധവാന്
ദുബായില്‍ ഇന്ത്യ ഇത്തവണ ആറ് മെഡലുകളാണ് നേടിയത്. 2017ലെ ലണ്ടന്‍ ചാമ്പ്യന്ഷിപ്പിലേക്കാള് ഇന്ത്യയ്ക്ക് മികവുകാട്ടാനായി. നേരത്തെ ജാവലിന്‍ ത്രോ താരം സന്ദീപ് ചൗധരിയും മെഡല്‍ നേട്ടത്തോടെ ടോക്യോ പാരാലിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് ജാവലിന്‍ എഫ്44 വിഭാഗത്തില്‍ സന്ദീപ് യോഗ്യത നേടിയത്. സന്ദീപ് 66.18 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. 65.80 എന്ന തന്റേതന്നെ ലോക റെക്കോര്‍ഡാണ് സന്ദീപ് തിരുത്തിയത്. ഇന്ത്യന്‍ താരമായ സുമിത് ആന്റില്‍ ഈ ഇനത്തില്‍ വെള്ളിനേടി. 62.88 മീറ്റര്‍ ദൂരമാണ് സുമിത് കണ്ടെത്തിയത്. ലോക പാര അത്ലറ്റിക് മീറ്റില്‍ ഇന്ത്യയില്‍ നിന്നും 23 അംഗങ്ങളാണ് പങ്കെടുക്കുന്നത്.