അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം; റെക്കോര്‍ഡ് നേട്ടവുമായി നവദീപ് സെയ്‌നി
ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ കിട്ടിയ അവസരം ഗംഭീരമായി വിനിയോഗിച്ച് യുവതാരം നവദീപ് സെയ്‌നി. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ സെയ്‌നി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം കേവലം 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ആദ്യ മത്സരം ജയിക്കുകയും ചെയ്തു.
അമേരിക്കയിലെ ഫ് ളോറിഡയില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. വിന്‍ഡീസ് 20 ഓവറില്‍ ഒമ്പതിന് 95 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെയ്‌നിക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും വിന്‍ഡീസ് ടീമിനെ തളച്ചു. വിന്‍ഡീസിനായി കീറോണ്‍ പൊള്ളാര്‍ഡ് 49 റണ്‍സെടുത്തു. 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍.

ആദ്യ ഓവറില്‍ സെയ്‌നി
അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലി സെയ്‌നിക്ക് പന്തേല്‍പ്പിക്കുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ താരം പന്തെറിയുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ അപകടകാരികളായ നിക്കോളാസ് പൂരനെയും ഷിമ്രോണ്‍ ഹെറ്റ് മെയറേയും താരം മടക്കിയയച്ചു. രണ്ടാം സ്‌പെല്ലിലെത്തിയപ്പോഴും ഫോം കൈവിട്ടില്ല. അവസാന ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റെടുത്ത സെയ്‌നി ആ ഓവര്‍ മെയ്ഡിന്‍ ആക്കുകയും ചെയ്തു.

സെയ്‌നിയുടെ റെക്കോര്‍ഡ്
അന്തരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ അവസാന ഓവര്‍ മെയ്ഡിന്‍ ആക്കുന്ന രണ്ടാമത്തെ താരമാണ് സെയ്‌നി. നേരത്തെ സിംഗപ്പൂര്‍ താരം ജനക് പ്രകാശ് ഈ നേട്ടത്തിലെത്തിയിരുന്നു. ടെസ്റ്റ കളിക്കുന്ന രാജ്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇനി സെയ്‌നിയുടെ പേരില്‍ കിടക്കും. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യന്‍ ബാറ്റിങ്
തുടക്കത്തില്‍ ശിഖര്‍ ധവാന്റെ വിക്കറ്റു നഷ്ടപ്പെട്ടെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് സ്ഥിരത നല്‍കിയത്. 29 പന്തില്‍ 19 റണ്‍സുമായാണ് നായകന്‍ കോലി മടങ്ങിയത്. 14 പന്തില്‍ 19 റണ്‍സുമായി മനീഷ് പാണ്ഡെയും 14 പന്തില്‍ 12 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താവുമ്പോള്‍ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ കീമോ പോളിനെ സിക്സറിന് പറത്തിയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
