കറാച്ചി: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുന്ന മൈതാനങ്ങളിലെ നിറ സാന്നിധ്യമായിരുന്നു പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ബഷീര്‍. ചാച്ചാ ചിക്കാഗോയെന്ന് അറിയപ്പെടുന്ന കറാച്ചിക്കാരനായ ബഷീര്‍ എം എസ് ധോണിയുടെ കടുത്ത ആരാധകന്‍കൂടിയാണ്. ഇപ്പോള്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കളി കാണാന്‍ ഇനി മൈതാനങ്ങളിലേക്ക് ഇല്ലെന്ന നിലപാടെടുത്തിരിക്കുകയാണ് മുഹമ്മദ് ബഷീര്‍.
കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഒതുങ്ങിയാല്‍ ധോണിയെ റാഞ്ചിയിലെ വീട്ടിലെത്തി നേരിട്ട് കണ്ട് ആശംസ അറിയിക്കുമെന്നാണ് ബഷീര്‍ പറയുന്നത്. പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ധോണി വിരമിച്ചിരിക്കുകയാണ്,ഒപ്പം ഞാനും. ധോണി ഇല്ലാത്ത ഇന്ത്യന്‍ ടീമിന്റെ കളികാണാനായി ലോകം മുഴുവന്‍ ഇനി സഞ്ചരിക്കില്ല. അദ്ദേഹത്തെ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം തിരിച്ചും. എല്ലാ മഹാന്മാരായ കളിക്കാരും ഒരു ദിവസം മടങ്ങേണ്ടതുണ്ട്. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ തന്നെ സങ്കടപ്പെടുത്തുന്നു. കൂടാതെ അദ്ദേഹത്തോടൊപ്പമുള്ള മനോഹര സമയങ്ങള്‍ ഓര്‍മയിലേക്ക് വരികയാണ്.

മനോഹരമായ ഒരു യാത്രയയക്ക് ധോണി അര്‍ഹിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം അപ്പുറമാണ് അദ്ദേഹം'-മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധികള്‍ കുറഞ്ഞാല്‍ റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകും.ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരും. ധോണിയുടെ മറ്റൊരു പാക് ആരാധകനായ റാം ബാബുവിനെയും ഒപ്പം കൂട്ടും. ഇത്തവണ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യസ്ഥിതി സമ്മതിക്കുന്നില്ല. നേരത്തെ ഹാര്‍ട്ട് അറ്റാക്കിനെ അദ്ദേഹം അതിജീവിച്ചിരുന്നു.
ടൂര്‍ണമെന്റിനിടെ അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല ധോണിയെങ്കിലും കാര്യങ്ങള്‍ കണ്ടറിഞ്ഞ് അദ്ദേഹം ചെയ്യാറുണ്ട്. പലപ്പോഴും മുഹമ്മദ് ബഷീറിന് മത്സരം കാണാനുള്ള ടിക്കറ്റെടുത്ത് നല്‍കാറുള്ളത് ധോണിയാണ്. 2019ലെ ലോകകപ്പ് സമയത്ത് അദ്ദേഹത്തോട് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും ടിക്കറ്റ് ശരിയാക്കിത്തന്നത് ധോണിയാണ്. 2018ലെ ഏഷ്യാകപ്പിനിടെ റൂമിലേക്ക് ക്ഷണിച്ച് ജഴ്‌സി സമ്മാനിച്ചു. അദ്ദേഹം രണ്ട് തവണ ബാറ്റും സമ്മാനമായി നല്‍കി. അത് വളരെ സവിശേഷമായ ഒന്നായിരുന്നു.
തിരക്കിലായ സമയത്ത് പോലും എനിക്കുള്ള ടിക്കറ്റ് മറ്റ് ഉദ്യോഗസ്ഥരുടെ കൈയില്‍ ധോണി കൊടുത്തയക്കുമായിരുന്നുവെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. 2015ലെ ഏകദിന ലോകകപ്പിനിടെ ധോണി സണ്‍ഗ്ലാസ് കൊടുത്തുവിട്ട സംഭവവും മുഹമ്മദ് ബഷീര്‍ പങ്കുവെച്ചു. സിഡ്‌നിയില്‍ കടുത്ത വെയിലായിരുന്നു. ആ സമയത്ത് സുരേഷ് റെയ്‌ന തനിക്കൊരു സണ്‍ഗ്ലാസ് നല്‍കിയിട്ട് ധോണി തരാന്‍ ഏല്‍പ്പിച്ചതാണെന്ന് പറഞ്ഞു. ഇന്ത്യന്‍ താരത്തെ ആരാധിച്ചതിനാല്‍ പല അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അത് കണക്കാക്കാറില്ലെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.