ഹാട്രിക് നേടുന്നതിന് മുന്‍പേ ധോണി അടുത്തുവന്ന് നിര്‍ദ്ദേശിച്ചതെന്ത്?; വെളിപ്പെടുത്തി മുഹമ്മദ് ഷമി
സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ബൗളര്‍മാരുടെ മികവില്‍ വിജയം കൊയ്തതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയിട്ടും അവസാന ഓവര്‍വരെ പോരാട്ടവീര്യം കാട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം അഫ്ഗാനില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഒരവസരത്തില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന എതിരാളികളെ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ചേര്‍ന്ന് വരിഞ്ഞുകെട്ടി.
അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ ഹാട്രിക്കും 29-ാം ഓവറില്‍ ബുംറ നേടിയ രണ്ടുവിക്കറ്റുകളുമാണ് കളിയിലെ സവിശേഷത. രണ്ട് ബൗളര്‍മാരുടെയും പ്രകടനത്തിന് അഭിനന്ദന പ്രവാഹമാണ്. ബാറ്റ്‌സ്മാന്മാരില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒഴികെയുള്ളവര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട രണ്ട് പോയന്റുകള്‍ നേടിത്തന്നു.

ധോണിയുടെ സാന്നിധ്യം തുണയായി
ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഫീല്‍ഡ് വിന്യാസവും ബൗളര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും നിര്‍ണായകമായി. സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍മാര്‍ക്കും ഒരുപോലെ ധോണി നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്നു. ഇത് ബൗളര്‍മാരുടെ ആത്മവിശ്വാസം വലിയരീതിയില്‍ ഉയരാന്‍ കാരണവുമായി. അവസാന ഓവറില്‍ മുഹമ്മദ് ഷമിക്ക് ധോണി നല്‍കിയ നിര്‍ദ്ദേശവും ഫലംകണ്ടു.

അവസാന ഓവറിലെ ധോണിയുടെ ഉപായം
അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാനായി വേണ്ടിയിരുന്നത് 16 റണ്‍സാണ്. ബാറ്റ് ചെയ്യുന്നത് മുഹമ്മദ് നബി ആണെന്നതുകൊണ്ട് ലക്ഷ്യം അപ്രാപ്യവുമായിരുന്നില്ല. ഷമിയുടെ ആദ്യ പന്തുതന്നെ നബി ബൗണ്ടറിയിലേക്ക് പായിച്ചു. ഇതോടെ ഷമിക്കൊപ്പം ഇന്ത്യന്‍ കളിക്കാരും സമ്മര്‍ദ്ദത്തിലായി. ഈ അവസരത്തിലാണ് വിക്കറ്റിന് പിന്നില്‍നിന്നും ധോണി ഓടിയെത്തി ഷമിക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ധോണി തന്നോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഷമി.

ധോണിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് ഷമി
പ്ലാന്‍ വളരെ സിംപിളായിരുന്നെന്ന് ഷമി പറഞ്ഞു. ധോണി നിര്‍ദ്ദേശിച്ചത് യോര്‍ക്കറുകള്‍ എറിയാനായിരുന്നു. ഈ അവസരത്തില്‍ ഒരുതരത്തിലും പന്ത് മാറ്റരുതെന്ന് പറഞ്ഞു. ഹാട്രിക് നേടാന്‍ സുവര്‍ണാവസരമാണിത്. അപൂര്‍വമായി മാത്രമേ ഇത്തരം അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ധോണി പറഞ്ഞെന്നും താന്‍ അത് നടപ്പാക്കിയെന്നും ഷമി വ്യക്തമാക്കി. അന്തിമ ഇലവനില്‍ കളിക്കാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. എപ്പോള്‍ അവസരം ലഭിച്ചാലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നു. അത് ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ഹാട്രിക് അതിയായ സന്തോഷം നല്‍കുന്നുണ്ടെന്നും ഷമി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications