ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാര്‍ ആരൊക്കെ? ധോണിയും രോഹിതും പട്ടികയില്‍, കോലി ആദ്യ അഞ്ചിലില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കുകയാണ്. എട്ട് ക്ലബ്ബുകള്‍ കുട്ടിക്രിക്കറ്റ് കിരീടത്തിനായി പൊരുതാന്‍ തയ്യാറെടുത്തു കഴിഞ്ഞു.ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിക് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്.
ടീമുകളുടെ പോരാട്ടത്തിലുപരിയായി സൂപ്പര്‍ ക്യാപ്റ്റന്‍മാരുടെ അഭിമാനപ്പോരാട്ടം കൂടിയായി ഐ.പി.എല്‍ മാറുമ്പോള്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ധോണി തന്നെ തല
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി ക്യാപ്റ്റനാണ് എം.എസ് ധോണി. ആരും ചിന്തിക്കാത്ത പാതയിലൂടെ തന്ത്രം മെനയുന്ന ധോണി ഐ.പി.എല്ലില്‍ മൂന്നുതവണയാണ് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചത്. പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിലേക്കെത്തിച്ച ധോണി 159 മത്സരങ്ങള്‍ ചെന്നൈയെ നയിച്ചപ്പോള്‍ 94 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. 64 തവണ മാത്രമാണ് ധോണി മുട്ടുമടക്കിയത്. ഒരു മത്സരം ഫലം കാണാതെ പിരിഞ്ഞു. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷം അവസാന സീസണില്‍ കിരീടത്തോടെയാണ് ചെന്നൈ തിരിച്ചുവരവ് അറിയിച്ചത്.

രോഹിതും കേമന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ വളര്‍ന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ പങ്ക് നിര്‍ണ്ണായകമാണ്. രോഹിത്തിന്റെ പ്രതിഭ മനസിലാക്കി നായക പദവി നല്‍കിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ശരിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിറ്റ്മാനെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രോഹിത് 89 മത്സരങ്ങള്‍ മുംബൈയെ നയിച്ചപ്പോള്‍ 51 തവണയും ജയം ഒപ്പംനിന്നു. 37 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ 2013,2015,2017 സീസണുകളില്‍ മുംബൈ കിരീടം ചൂടിയിട്ടുണ്ട്.

കൊല്‍ക്കത്തയുടെ ഗംഭീര്‍ ഭയ്യ
ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്തിയതോടെയാണ് ഐ.പി.എല്ലിലെ ഗംഭീറിന്റെ രാശി തെളിഞ്ഞത്. കൊല്‍ക്കത്തയെ 2012,2014 സീസണില്‍ കിരീടം ചൂടിച്ച ഗംഭീര്‍ ഐ.പി.എല്ലിലെ മികച്ച നായകരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 128 മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിറങ്ങിയ ഗംഭീര്‍ 70 മത്സരത്തില്‍ ടീമിന് വിജയം സമ്മാനിച്ചു. 57 മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. അവസാന സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് ഗംഭീര്‍ മടങ്ങിയെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് പാതി വഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.

ഷെയ്ന്‍ വോണ്‍ മാജിക്ക്
പ്രഥമ ഐ.പി.എല്ലില്‍ത്തന്നെ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനായ ഷെയ്ന്‍വോണ്‍. താരതമ്യേനെ ചെറിയ ടീമുമായെത്തി വമ്പന്‍മാരെയെല്ലാ നാണംകെടുത്തി രാജസ്ഥാന്‍ കിരീടം ചൂടിയപ്പോള്‍ ഷെയ്ന്‍ വോണ്‍ എന്ന ക്യാപ്റ്റനായിരുന്നു കൂടുതല്‍ കൈയടി. അത്രമേല്‍ മികച്ചതായിരുന്നു നായകനായുള്ള വോണിന്റെ പ്രകടനം. 55 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച വോണ്‍ 30 തവണ ടീമിനെ വിജയത്തിലെത്തിച്ചു. 24 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു.

ഡേവിഡ് വാര്‍ണറും മിടുക്കനാണ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയിലുണ്ട്. ബാറ്റുകൊണ്ട് ടീമിന്റെ നെടുന്തൂണായ വാര്‍ണര്‍ 47 മത്സരങ്ങളില്‍ ഹൈദരാബാദിനെ നയിച്ചപ്പോള്‍ 26 തവണയും ടീം വിജയത്തിലെത്തി. 21 മത്സരങ്ങളില്‍ തോറ്റു. ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്ന് ഹൈദരബാദിലേക്കെത്തിയ വാര്‍ണറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് 2016 സീസണില്‍ ടീം കിരീടമുയര്‍ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications