ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പം വളര്‍ന്നുവന്ന താരമാണ് മുഹമ്മദ് സിറാജ്. പാവപ്പെട്ട കുടുംബത്തില്‍ നിന്ന് കഠിന പരിശ്രമംകൊണ്ട് ഇന്ത്യന്‍ ടീമിലെത്തിച്ചേര്‍ന്ന സിറാജ് 2020ലെ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഇത്തവണ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയിലാണ് നടക്കുന്നത്.
പേസര്‍മാരെ താരതമ്യേനെ തുണയ്ക്കാത്ത യുഇയിലെ മൈതാനം പേസ് ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലിനായുള്ള അവസാന ഘട്ടങ്ങള്‍ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മുഹമ്മദ് സിറാജ്.'സത്യസന്ധമായി പറഞ്ഞാല്‍ എന്റെ ബൗളിങ്ങിനെക്കുറിച്ച് ടെലിഫോണിലൂടെയോ ചാറ്റിലൂടെയോ ഒരു ക്രിക്കറ്റ് താരവുമായി സംസാരിച്ചിട്ടില്ല.

ഓരോ ദിവസവും നെറ്റ്‌സിലെ ബൗളിങ്ങിന്റെ വീഡിയോ പരിശോധിച്ച ശേഷം പോരായ്മകള്‍ മനസിലാക്കി അവലോകനം നടത്താറുണ്ട്. എന്റെ ശക്തിക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. യോര്‍ക്കറുകളും ഫുള്‍ ലെങ്ത് ഡെലിവറികളും വളരെയധികം പരിശ്രമിക്കുന്നു. ഇത്രയും നീണ്ട ഇടവേള വന്നതില്‍ പഴയ ബൗളിങ് റിതം കണ്ടെത്തുക എളുപ്പമല്ല'-സിറാജ് പറഞ്ഞു. വിരാട് ഭായ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ കളിക്കുകയെന്നത് വലിയ അംഗീകാരമായി കാണുന്നു. വളരെയധികം പഠിക്കാന്‍ ഇവിടെ നിന്ന് സാധിക്കുന്നു.
ഈ സീസണില്‍ ടീമിനൊപ്പമുള്ള മികച്ച പ്രകടനം എന്റെ ലക്ഷ്യം നേടാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നതാണ് ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ചതും കടുപ്പമേറിയതെന്നുമാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള പ്രകടനം നടത്തി ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കോവിഡിനെത്തുടര്‍ന്ന് നാല് മാസമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിക്കുമ്പോള്‍ മാനസികമായി സജ്ജമാവുകയെന്നതാണ് വലിയ വെല്ലുവിളി.
വൈറസ് ഭീഷണി കാരണം ദൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും പോവുകയെന്നത് വല്ലാതെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. വീടുകളില്‍ ഓരോ കാര്യങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും തിരിക്കിലായിരുന്നുവെന്നും മുഹമ്മദ് സിറാജ് കൂട്ടിച്ചേര്‍ത്തു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലൂടെ ടി20യിലും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ ഏകദിനത്തിലും സിറാജ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ടി20യില്‍ മൂന്ന് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 26 ഐപിഎല്ലില്‍ നിന്നായി 28 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.