പവാറിന്റെ ആരോപണം... മറുപടിയുമായി മിതാലി, ജീവിതത്തിലെ കറുത്ത ദിനമെന്ന് ഇന്ത്യന്‍ ഇതിഹാസം
ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യുടെ സെമി ഫൈനലില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജ് ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. കോച്ച് രമേഷ് പവാറിനെതിരേ ആരോപണങ്ങളുമായി മിതാലി രംഗത്തു വരികയും ചയ്തു. മിതാലിയുടെ ആരോപണങ്ങള്‍ക്കു പവാര്‍ ബിസിസിഐക്കു മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ പവാര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് മിതാലി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ജീവിതത്തിലെ കറുത്ത ദിനം
തന്റെ ജീവിതത്തിലെ കറുത്ത ദിനമെന്നാണ് ഇതേക്കുറിച്ച് മിതാലിയുടെ ട്വീറ്റ്. തനിക്കെതിരേ ചുമത്തപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ വളരെയധികം ദുഖം തോന്നി. 20 വര്‍ഷമായി രാജ്യത്തിനു വേണ്ടി ആത്മാര്‍ഥതയോടെയാണ് കളിച്ചത്. ഈ കഠിനാധ്വാനവും വിയര്‍പ്പൊഴുക്കിയതുമെല്ലാം വെറുതെയായിരിക്കുന്നു. ഇപ്പോള്‍ തന്റെ രാജ്യസ്‌നേഹമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്, തന്റെ കഴിവും ചോദ്യം ചെയ്യപ്പെട്ടു. ജീവിതത്തിലെ കറുത്ത ദിനമാണിത്. ദൈവം തനിക്കു ശക്തി നല്‍കട്ടെയെന്നും പറഞ്ഞാണ് മിതാലിയുടെ ട്വീറ്റ് അവസാനിക്കുന്നത്.

തുടക്കമിട്ടത് മിതാലി
ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ ശേഷം മിതാലി തന്നെയാണ് പവാറിനും ഭരണസമിതി അംഗവുമായ ഡയാന എഡുല്‍ജിക്കുമെതിരേ രംഗത്തുവന്നത്. ഡയാന അധികാരം ഉപയോഗിച്ച് തന്നോട് പക്ഷപാതപരമായി പെരുമാറിയെന്നും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു മിതാലിയുടെ പ്രധാന ആരോപണം.

ക്യാപ്റ്റനെയും വിമര്‍ശിച്ചു
ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി വിമര്‍ശിച്ചിരുന്നു. സെമി ഫൈനലില്‍ തന്നെ പുറത്തിരുത്താനുള്ള തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചതായും എന്നാല്‍ ഹര്‍മന്‍പ്രീതുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നങ്ങളുമില്ലെന്നും മിതാലി വ്യക്തമാക്കിയിരുന്നു.
നേരത്തേ മിതാലിയുടെ മാനേജര്‍ അനീഷ ഗുപ്ത കടുത്ത ഭാഷയില്‍ ഹര്‍മന്‍പ്രീതിനെ വിമര്‍ശിച്ചിരുന്നു. പക്വതയില്ലാത്ത ക്യാപ്റ്റനും കള്ളം പറയുന്നവരുമാണ് ഹര്‍മന്‍പ്രീതെന്നും ടീമിനെ നയിക്കാന്‍ അവര്‍ക്കു യോഗ്യതയില്ലെന്നും ഗുപ്ത ആരോപിച്ചിരുന്നു.

ആരോപണം നിഷേധിച്ച് പവാര്‍
മിതാലിയുടെ ആരോപണങ്ങള്‍ നിഷേധിച്ച പവാര്‍ 10 പേജുള്‍പ്പെടുന്ന റിപ്പോര്‍ട്ടും ബിസിസിഐക്കു സമര്‍പ്പിച്ചിരുന്നു. മിതാലിയെക്കുറിച്ച് കടുത്ത ആരോപണങ്ങളാണ് പവാറിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഓപ്പണിങില്‍ നിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് മിതാലി ലോകകപ്പിന്റെ പകുതിയില്‍ വച്ച് നാട്ടിലേക്കു മടങ്ങുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പവാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ടീമിനു വേണ്ടിയല്ല വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് മിതാലി മുന്‍തൂക്കം നല്‍കുന്നതെന്നും പവാര്‍ ചൂണ്ടിക്കാട്ടുന്നു.

ദുഖം തോന്നിയെന്ന് പവാര്‍
മിതാലിയുടെ പെരുമാറ്റത്തില്‍ തനിക്കു ദുഖം തോന്നിയതായി പവാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയേക്കാള്‍ വലുതാണോ മിതാലിയെന്ന് തനിക്ക് അന്നു തോന്നിപ്പോയിട്ടുണ്ട്. അത്രയേറെ കോലാഹലങ്ങളും പ്രശ്‌നങ്ങളുമാണ് അവര്‍ ലോകകപ്പിനിടെ ഉണ്ടാക്കിയത്.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി കോച്ചുമാരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതും മിതാലി നിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും പവാറിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications