കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാവാന്‍ മിസ്ബാഹ് ഉല്‍ഹഖ് തയ്യാര്‍.ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ അടുത്ത ദിവസം തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) മിസ്ബാഹ് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതിന്റെ ഭാഗമായി പിസിബി കമ്മിറ്റിയില്‍ നിന്ന് മിസ്ബാഹിനെ ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക എന്ന വലിയ ദൗത്യമാണ് മിസ്ബാഹ് പരിശീലകനായാല്‍ മുന്നിലുള്ളത്.
'നേരത്തെ മുതല്‍ ഞാന്‍ പാകിസ്താന് കോച്ചാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഞാന്‍ ഇപ്പോഴാണ് തീരുമാനമെടുത്തത്. പാകിസ്താന് ടീമിന്റെ ഭാവി പരിശീലകനായി എന്റെ പേരും പരിഗണിക്കുകയെന്നത് വലിയ കാര്യമാണ്.ഞാന്‍ പരിശീലകനാവാന്‍ അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ആകുമെന്ന് ഉറപ്പുപറയാന്‍ കഴിയില്ല.കാരണം പ്രതിഭാശാലികളും പരിചയസമ്പന്നരുമായ മറ്റ് ചിലരും പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
മലയാളി താരം സി കെ വിനീത് ജംഷഡ്പൂര്‍ എഫ്സിയില്‍
വളരെ വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കാന്‍ പോകുന്നതെന്ന ഉത്തമ ബോധ്യമുണ്ട്.പാകിസ്താന് ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഏതൊരു പാകിസ്താന് ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്'-മിസ്ബാഹ് പറഞ്ഞു. സപ്തംബറിന്റെ ആദ്യം തന്നെ പാകിസ്താന് പുതിയ കോച്ചിനെ നിയമിക്കും.സപ്തംബര്‍ 27ന് പാകിസ്താനില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാവും പുതിയ കോച്ചിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.മുന്‍ പാക് ക്യാപ്റ്റനായ മിസ്ബാഹിന് തന്നെയാണ് പുതിയ പരിശീലകനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.