ബെര്‍ലിന്‍: കാറോട്ട പോരാട്ടത്തിലെ കിരീടമുള്ള രാജകുമാരനാണ് മൈക്കിള്‍ ഷുമാക്കര്‍. ഫെരാരിക്കൊപ്പം വേഗതയുടെ ഉന്നതികളിലേക്ക് കാറോടിച്ച് പാഞ്ഞ മൈക്കിളിനെ നിനച്ചിരിക്കാതെ അപകടം പിടികൂടിയതോടെ ജീവിതത്തിന്റെ ട്രാക്കില്‍ സഡണ്‍ ബ്രേക്കിട്ട് നില്‍ക്കേണ്ടി വന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ വൈദ്യസഹായത്തോടെ ജീവിക്കുന്ന മൈക്കിള്‍ ഷുമാക്കറിന്റെ ഓര്‍മ പുതുക്കി ഫെരാരി.
പ്രസിഡന്റ്‌സ് കപ്പില്‍ സ്വര്‍ണം; ലോക ചാമ്പ്യന്‍ഷിപ്പിന് തയ്യാറെടുത്ത് മേരി കോം
ജര്‍മന്‍ ഗ്രാന്റ്പ്രീയുടെ യോഗ്യതാ റൗണ്ട് പോരാട്ടത്തിന് മുന്‍പായിരുന്നു ഫെരാരി തങ്ങളുടെ ഇതിഹാസ ഡ്രൈവറെ അനുസ്മരിച്ചത്. ഇതിന്റെ ഭാഗമായ 2004ല്‍ മൈക്കിള്‍ ഫോര്‍മുലവണ്‍ കിരീടം ചൂടിയ ഫോര്‍മുല വണ്‍കാര്‍ അദ്ദേഹത്തിന്റെ മകനും റേസറുമായ മിക്ക് ഷുമാക്കര്‍ ജര്‍മനിയിലെ ട്രാക്കിലൂടെ ഓടിച്ചു. അച്ഛന്റെ ഓര്‍മപുതുക്കി ചുവന്ന കുപ്പായവും അച്ഛന്റെ ഹെല്‍മറ്റും അണിഞ്ഞാണ് മിക്ക് ഫെരാരി ഓടിച്ചത്.മൈക്കിളിന്റെ വാഹനത്തില്‍ മിക്കിന്റെ ഡ്രൈവിങ്ങിനെ കൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. അച്ഛനെ പുണരുന്നതുപോലെയായിരുന്നു എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഓര്‍മകളുള്ള ഈ വാഹനം ഓടിക്കാന്‍ മനസ് തുടിക്കുകയായിരുന്നുവെന്ന് മത്സരശേഷം മിക്ക് പറഞ്ഞു.

ഏഴ് തവണ ഫോര്‍മുലവണ്‍ കിരീടം ചൂടിയിട്ടുള്ള മൈക്കിളിന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടമാണ് തിരിച്ചടിയായത്. ഗുതരമായി പരിക്കേറ്റ മൈക്കിള്‍ ഏറെ നാളുകളായി പ്രത്യേക വൈദ്യ സംഘത്തിന്റെ കീഴില്‍ ചികിത്സയിലാണ്. 68 പോള്‍ പൊസിഷനും 91 വിജയങ്ങളും സ്വന്തമാക്കിയിട്ടുള്ള മൈക്കിള്‍ ഫോര്‍മുലവണ്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡ്രൈവറായാണ് വിലയിരുത്തപ്പെടുന്നത്.മെഴ്‌സിഡസ്,ജോര്‍ദാന്‍,ബെനീറ്റന്‍ എന്നിവര്‍ക്ക് വേണ്ടിയും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മിക്ക് ഷുമാക്കറും ഇതിനോടകം ട്രാക്കില്‍ വരവറിയിച്ചിട്ടുണ്ട്. ഫോര്‍മുലവണ്‍ രണ്ടാം ഡിവിഷനില്‍ മികച്ച പ്രകടനത്തോടെ മിക്ക് കൈയടിവാങ്ങുന്നു. അതികം വൈകാതെ ഫെരാരിയുടെ ഡ്രൈവിങ് സീറ്റിലേക്ക് മിക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.