ലണ്ടന്‍: ചെല്‍സിയെ യൂറോപ്പാ ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ പരിശീലകന് മൗറീസ്യോ സാറി ടീം വിടുന്നതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസുമായി അദ്ദേഹം ചര്‍ച്ചനടത്തിയെന്നും കൂടുമാറ്റത്തിന് ചെല്‍സിയുടെ അനുമതി മാത്രമാണ് ലഭിക്കേണ്ടതെന്നുമുള്ള വാര്‍ത്ത ഇറ്റാലിയന്‍ പത്രമായ ടുട്ടോ സ്പോര്‍ട്ടാണ് പുറത്തുവിട്ടത്. അല്ലെഗ്രി പടിയിറങ്ങിയതോടെ യുവന്റസിലെ പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവില്‍ ഇടം പിടിക്കാനാണ് സാറി ലക്ഷ്യമിടുന്നത്. സാറി പരിശീലകനായെത്തുന്നതില് ടീമിലെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സന്തുഷ്ടനാണെന്നാണ് വിവരം.
വിജയത്തില്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച് സാനിയ മിര്‍സ; ഇന്ത്യക്കാരുടെ മറുപടി
കൈമാറ്റ ജാലകത്തില്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന ചെല്‍സിയില്‍ തുടരാന്‍ സാറിക്ക് താല്‍പ്പര്യമില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്ലബ്ബുമായി സാറിക്ക് അടുത്ത സീസണ്‍വരെ കരാര്‍ ഉണ്ടെങ്കിലും ടീമില്‍ തുടരേണ്ടന്ന നിലപാടിലാണ് അദ്ദേഹം. ടീമിലെ സൂപ്പര്‍ സ്ട്രൈക്കറായ ഏദന്‍ ഹസാര്‍ഡിന്റെ റയല്‍ മാഡ്രിലേക്കുള്ള കൂടുമാറ്റവും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ ചെല്‍സിയെ മികച്ച നിലയിലേക്കെത്തിക്കുകയെന്നത് സാറിക്ക് കടുത്ത വെല്ലുവിളിയാണ്.
അന്റോണിയോ കോന്റെയ്്ക്ക് പകരക്കാരനായി ചെല്‍സിയുടെ കോച്ചായെത്തിയ സാറി ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ചെല്‍സിക്ക് ലഭിച്ചിട്ടുണ്ട്. സൗറിയെ പരിശീലകനാക്കിയാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇറ്റലിയിലേക്കെത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുവന്റസ് മാനേജ്മെന്റ്. നേരത്തെ നാപ്പോളി,എംപോളി ക്ലബ്ബുകളെയും സാറി പരിശീലിപ്പിച്ചിട്ടുണ്ട്.