2020 നഷ്ടങ്ങളുടെ വര്‍ഷം; ഒളിംപിക്‌സും ലോകകപ്പും ഉള്‍പ്പെടെ റദ്ദാക്കപ്പെട്ട വമ്പന്‍ മത്സരങ്ങള്‍
2020 എല്ലാവര്‍ക്കും വലിയ നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ഒന്നിനും സമയം തികയാതെ കുതിച്ചു പാഞ്ഞിരുന്ന മനുഷ്യരെ കൊറോണ വൈറസ് പിടിച്ചുനിര്‍ത്തിയതോടെ എല്ലാ മേഖലയും വലിയ തകര്‍ച്ച നേരിട്ടു. ലോക്ഡൗണിനെത്തുടര്‍ന്ന് മാസങ്ങളോളമാണ് ആളുകള്‍ വീട്ടില്‍ ഇരിക്കേണ്ടി വന്നത്. കായിക മേഖലയേയും വലിയ പ്രതിസന്ധിയിലേക്കാണ് കൊറോണ വൈറസ് തള്ളിവിട്ടത്. പല ടൂര്‍ണമെന്റുകളും ഏറെ നാള്‍ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പല വമ്പന്‍ ടൂര്‍ണമെന്റുകളും റദ്ദാക്കുകയും ചെയ്തു. 2020ല്‍ കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് നടക്കാതിരുന്ന പ്രധാന മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ്
ക്രിക്കറ്റ് പ്രേമകള്‍ ഏറെ നാളായി കാത്തിരുന്ന ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയായിരുന്നു വേദിയാകേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ലോകകപ്പ് നടത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. കൊറോണ ഏറ്റവും വ്യാപകമായിരുന്ന സമയത്താണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നിശ്ചയിച്ചിരുന്നത്. അതിനാലാണ് നടത്താന്‍ സാധിക്കാതെ പോയത്. 2021ല്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. 2022ലും ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയാണ് വേദി. 2023ല്‍ ഏകദിന ലോകകപ്പ് ഇന്ത്യയിലും നടക്കും. ഒക്ടോബറിലും നവംബറിലുമായാണ് മത്സരം നടക്കുന്നത്.

ടോക്കിയോ ഒളിംപിക്‌സ്
2020ല്‍ ടോക്കിയോ ഒളിംപിക്‌സ് നടക്കേണ്ടതായിരുന്നെങ്കിലും കൊറോണ മഹാമാരിയെത്തുടര്‍ന്ന് നടത്താന്‍ സാധിച്ചില്ല. ഇത്രയും രാജ്യങ്ങളിലെ താരങ്ങളെ ഒന്നിച്ച് പങ്കെടുപ്പിക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല ടോക്കിയോയില്‍ ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒളിംപിക്‌സ് 2021ലേക്ക് മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2021 ജൂലൈ 23നാവും ഒളിംപിക്‌സ് ആരംഭിക്കുക. കോവിഡ് വ്യാപനം രണ്ടാം ഘട്ടം യൂറോപ്യന്‍ രാജ്യങ്ങളില്‍ സജീവമാണെങ്കിലും അടുത്ത വര്‍ഷം ഒളിംപിക്‌സ് നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

വിംബിള്‍ഡന്‍ ടെന്നിസ് ടൂര്‍ണമെന്റ്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഗ്രാന്റ്സ്ലാം പോരാട്ടങ്ങളൊക്കെ സംഘടിപ്പിക്കാന്‍ സാധിച്ചെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇത്തവണത്തെ വിംബിള്‍ഡണ്‍ ഒഴിവാക്കി. ജൂണ്‍ 29 മുതല്‍ ജൂലൈ 12വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ഒഴിവാക്കേണ്ടി വന്നു. 2019ല്‍ നൊവാക് ജോക്കോവിച്ചായിരുന്നു ചാമ്പ്യന്‍. കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു വിംബിള്‍ഡണ്‍ ഒഴികെയുള്ള ടൂര്‍ണമെന്റുകള്‍ നടത്തിയത്.

ഫ്രഞ്ച് ലീഗ് ഫുട്‌ബോള്‍
കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചെങ്കിലും ഫ്രഞ്ച് ലീഗ് മാത്രം നടത്തിയില്ല. പാതി വഴിയില്‍ നിര്‍ത്തിവെച്ച ഫ്രഞ്ച് ലീഗില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്,സ്പാനിഷ് ലീഗ്,ഇറ്റാലിയന്‍ സീരി എ,ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയവയെല്ലാം കാണികളെ പ്രവേശിപ്പിക്കാതെ പൂര്‍ത്തിയാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications