ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ മാസം 23നാണ് ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നീണ്ടുപോയ ഒളിംപിക്‌സില്‍ 339 വിഭാഗങ്ങളിലായി 11000ലധികം താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്.
നിരവധി യുവതാരങ്ങള്‍ ഒളിംപിക്‌സ് യോഗ്യത നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ നീന്തലില്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയെടുത്തിരിക്കുകയാണ് വനിതാ താരം മാന പട്ടേല്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മാന. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടിയെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് മാന പട്ടേല്‍. ശ്രീഹരി നടരാജ്,മലയാളിയായ സാജന്‍ പ്രകാശ് എന്നിവരാണ് നേരത്തെ ടോക്കിയോക്ക് യോഗ്യത നേടിയെടുത്തത്.

മാനയെ അഭിനന്ദിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് നീന്തലില്‍ സാജന്‍ പ്രകാശ് യോഗ്യത നേടിയെടുത്തത്. 1.56.38 സമയം കുറിച്ചായിരുന്നു സാജന്‍ പ്രകാശിന്റെ പ്രകടനം. പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സാജന്‍ മത്സരിക്കാന്‍ പോകുന്നത്. 1.56.48 ആണ് യോഗ്യത നേടിയെടുക്കാന്‍ വേണ്ട സമയം. അതേ സമയം ശ്രീഹരി 100 മീറ്റര്‍ ബാക്‌സ് സ്‌ട്രോക്കിലാണ് മത്സരിക്കുന്നത്. ഇതില്‍ 53.85 ആണ് യോഗ്യതക്ക് വേണ്ട സമയം. 53.77 സമയം കുറിച്ചാണ് ശ്രീഹരി യോഗ്യത നേടിയെടുത്ത്.
21കാരിയായ മാന ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ ഗെയിംസിലാണ് മാന ഈ മെഡലുകളെല്ലാം നേടിയത്. 21ാം വയസിലാണ് മാന ചരിത്രം കുറിച്ച് ഒളിംപിക്‌സ് യോഗ്യത നേടിയെടുത്തതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഏഴാം വയസ് മുതല്‍ മാന നീന്തല്‍ അഭ്യസിക്കുന്നുണ്ട്. സ്‌കൂള്‍ ഗെയിംസില്‍ 100 മീറ്റര്‍ ബ്ലാക് സ്റ്റോക്കിലെ റെക്കോഡ് തകര്‍ക്കപ്പെടാതെ മാനെയുടെ പേരിലാണ്. 2015ലായിരുന്നു ഈ പ്രകടനം. 2018ലെ ദേശീയ സീനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും മാന നേടിയിരുന്നു.