ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത്ഭുതക്കുതിപ്പ് നടത്തുന്ന ലിവര്‍പൂളിന് ആശങ്കയായി സൂപ്പര്‍ സ്ട്രൈക്കര്‍ സാദിയോ മാനെയ്ക്ക് പരിക്ക്. കഴിഞ്ഞദിവസം വോള്‍വസിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു മാനെയ്ക്ക് പരിക്കേറ്റത്. പേശിവലിനെ തുടര്‍ന്ന് പുറത്തുപോയ താരത്തിന്റെ പരിക്കിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമല്ലെങ്കിലും മാനെയുടെ പരിക്കില്‍ പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് ആശങ്ക പങ്കുവെച്ചു.
മാനെയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലോപ്പ് പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഏതു കളിക്കാരനും ഇത്തരമൊരു പരിക്കുവരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് കളികളെങ്കിലും മാനെയ്ക്ക് നഷ്ടമാകുമെന്നാണ് സൂചന. എഫ് എ കപ്പില്‍ ഷ്രാവ്സ്ബറി, പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം, സതാംപ്ടണ് എന്നീ ടീമുകള്‍ക്കെതിരെ മാനെ കളിക്കാനിറങ്ങിയേക്കില്ല.
ISL: മുംബൈയുടെ ജയം തട്ടിപ്പറിച്ചു, അവസാന മിനിറ്റില്‍ ഹൈദരാബാദിന് സമനില
വോള്‍വസിനെതിരെ 2-1ന് ജയിച്ചതോടെ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചായായ 40-ാം മത്സരമാണ് ലിവര്‍പൂള്‍ തോല്‍വിയറിയാതെ കുതിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഫാബീന്യോ, ജോയല്‍ മാറ്റിപ്പ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ലീഗില്‍ 23 കളികളില്‍നിന്നും 67 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ നില മെച്ചെപ്പെടുത്തി. 24 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്. ഇതാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍.