മുംബൈ: അഷറഫ് ചൗധരിയെന്ന പേര് ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയില്‍ വളരെ സുപരിചിതമാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്ക് ബാറ്റ് നിര്‍മിച്ച് നല്‍കിയിരുന്ന വ്യക്തിയാണ് മുംബൈക്കാരനായ അഷറഫ് ചൗധരി. മുംബൈയിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ 'അഷറഫ് ചാച്ച' എന്ന പേരില്‍ അറിയപ്പെടുന്ന അഷറഫ് ചൗധരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊറോണ വൈറസ് വ്യാപനത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ആശുപത്രി ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ക്രിക്കറ്റ് താരങ്ങളുടെ പ്രിയങ്കരനായ അഷറഫ് . സഹായം അഭ്യര്‍ത്ഥിച്ചുള്ള അഷറഫ് ചൗധരിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അഷറഫ് ചൗധരിക്ക് സാമ്പത്തിക സഹായം നല്‍കി മുന്നോട്ടുവന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഷറഫ് നിര്‍മ്മിച്ച് നല്‍കിയ ബാറ്റുമേന്തി പല റെക്കോഡുകളും കുറിച്ചിട്ടുള്ള സച്ചിന്‍ ഇത്തരമൊരു ദുരവസ്ഥയില്‍ അഷറഫിനെ കൈത്താങ്ങാവുകയാണ്.

കഴിഞ്ഞ 12 ദിവസമായി മുംബൈയിലെ സാവ്‌ല ആശുപത്രിയിലാണ് അഷറഫുള്ളത്. പ്രമേഹത്തെത്തുടര്‍ന്നുണ്ടായ ശാരീരിക പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. ആശുപത്രിയിലെ ഭീമമായ ചിലവ് താങ്ങാന്‍ സാധിക്കാതെ വന്നതോടെ അഷറഫിന്റെ കുടുംബം സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സച്ചിന്‍ സഹായ ഹസ്തവുമായി മുന്നോട്ടെത്തിയത്. അഷറഫിന്റെ സുഹൃത്തായ പ്രശാന്തും സഹായം അഭ്യര്‍ത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അഷറഫിന്റെ ദയനീയാവസ്ഥ പിടിഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ക്രിക്കറ്റ് താരങ്ങളും അദ്ദേഹത്തെ സഹായിക്കാനായി മുന്നോട്ടു വരണമെന്ന് പ്രശാന്ത് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദക്ഷിണ മുംബൈയില്‍ എം അഷറഫ് ബ്രോ എന്ന പേരിലാണ് അഷറഫിന്റെ ബാറ്റ് നിര്‍മ്മിക്കുന്ന കട പ്രവര്‍ത്തിക്കുന്നത്. ലോക ക്രിക്കറ്റിലെ തന്നെ പ്രമുഖര്‍ക്ക് അദ്ദേഹം ബാറ്റ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ എന്നിവരും അഷറഫ് നിര്‍മ്മിച്ച് നല്‍കിയ ബാറ്റുമായി ക്രീസിലിറങ്ങിയിട്ടുണ്ട്. സച്ചിനെ കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി,മുന്‍ നായകന്‍ എം എസ് ധോണി എന്നിവരും അഷറഫ് നിര്‍മ്മിച്ച ബാറ്റ് ഉപയോഗിച്ചവരാണ്. മുംബൈയിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട ബാറ്റ് നിര്‍മ്മാതാവാണ് അഷറഫ്. സച്ചിനെക്കൂടാതെ ബോളിവുഡ് താരം സോനു സൂദും അഷറഫിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.