ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. തിങ്കളാഴ്ച്ച രാവിലെ 6.30 -ന് മൊഹാലിയിലെ ഡയറക്ടര്‍ ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മെയ് എട്ടു മുതല്‍ ബല്‍ബിര്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കായിക താരമെന്ന ബഹുമതി വരിച്ച വ്യക്തിയാണ് ബല്‍ബിര്‍ സിങ്. ആധുനിക ഒളിമ്പിക്സ് ചരിത്രത്തില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തിരഞ്ഞെടുത്ത 16 ഇതിഹാസ താരങ്ങളില്‍ ഒരാള്‍. പുരുഷ ഒളിമ്പിക്സ് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ഗോളുകള്‍ കുറിച്ച താരമെന്ന ബല്‍ബിര്‍ സിങ്ങിന്റെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുകയാണ്.
1952 -ലെ ഹെല്‍സിന്‍കി ഒളിമ്പിക്സിലായിരുന്നു ഈ അപൂര്‍വ നേട്ടം. അന്ന് നെതര്ലാണ്ടിനെതിരെ ഇന്ത്യ കുറിച്ച ആറില്‍ അഞ്ചു ഗോളുകളും സെന്റര്‍ ഫോര്വാര്ഡില് കളിച്ച ബല്‍ബിര്‍ സിങ്ങിന്റെ വകയായിരുന്നു. അന്നത്തെ ഫൈനലില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ സ്വര്‍ണം ചൂടിയതും. ഇന്ത്യന്‍ ഹോക്കിക്ക് ബല്‍ബിര്‍ സിങ് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി 1957 -ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു.
ബല്‍ബിര്‍ സിങ്ങിന്റെ കാലത്ത് മൂന്നു തവണ ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്. 1948 -ലെ ലണ്ടന്‍ ഒളിമ്പിക്സ് മുതല്‍ തുടങ്ങും ഈ ചരിത്രം. 1952 -ലെ ഹെല്‍സിന്‍കി ഒളിമ്പിക്സില്‍ ടീം ജയിച്ചുകയറുമ്പോള്‍ ബല്‍ബിര്‍ സിങ്ങായിരുന്നു വൈസ് ക്യാപ്റ്റന്‍. ഏറ്റവുമൊടുവില്‍ 1956 -ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ബല്‍ബിര്‍ സിങ്ങിന് കീഴില്‍ ടീം ഇന്ത്യ വിജയക്കൊടി പാറിച്ചു. 1975 -ല്‍ ഇന്ത്യ പ്രഥമ ഹോക്കി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ടീം മാനേജറായിരുന്നു ഇദ്ദേഹം.