മുംബൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സെപ്തംബര്‍ 13ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും കര്‍ശന നിയന്ത്രണങ്ങളോടെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ പദ്ധതിയിടുന്നത്. ഇന്ത്യയിലെ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ യുഎഇയിലാവും ഇത്തവണത്തെ ഐപിഎല്‍ നടക്കുക.
ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ ലോക ക്രിക്കറ്റ് ആരാധകര്‍ തയ്യാറായിക്കഴിഞ്ഞെങ്കിലും സ്‌പോണ്‍സര്‍മാരുടെ അഭാവം ഫ്രാഞ്ചൈസികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്നു. പല പ്രധാന സ്‌പോണ്‍സര്‍മാരും കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതിനാല്‍ വലിയ ബാധ്യതയാണ് ഫ്രാഞ്ചൈസികള്‍ നേരിടുന്നത്.'പ്രതിസന്ധികള്‍ക്കിടയിലും ഐപിഎല്‍ നടത്താന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.

യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോടും പൂര്‍ണ പിന്തുണയാണ്.എന്നാല്‍ സ്‌പോണ്‍സര്‍മാരെ സംബന്ധിച്ച് ഫ്രാഞ്ചൈസികള്‍ക്ക് പ്രശ്‌നമുണ്ട്. ഞങ്ങളുടെ സമ്പാദ്യത്തിന്റെ 95 ശതമാനവും വിറ്റു.ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യ സ്‌പോണ്‍സറില്ലാതെ മുന്നോട്ടുപോവുക പ്രയാസമാണ്. മിക്ക ടീമുകളുടെയും അവസ്ഥ ഇതുതന്നെയാണ്-ഒരു പ്രമുഖ ഐപിഎല്‍ ഫ്രാഞ്ചൈസി വൃത്തം പറഞ്ഞു.
കൊറോണയെത്തുടര്‍ന്ന് സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പോലും കൊറോണ ബാധിച്ചതിനാല്‍ മള്‍ട്ടി നാഷണല്‍ കമ്പിനികള്‍ക്ക് പോലും വലിയ തിരിച്ചടി നേരിടേണ്ടി വന്നു. സാധാരണ വേനല്‍ക്കാലത്താണ് ഐപിഎല്‍ നടക്കുന്നത്. ഇത്തവണ മഴക്കാലത്താണ് ഐപിഎല്‍ നടക്കുന്നത്. കാലാവസ്ഥയിലെ ഈ വ്യതിയാനം മൂലം പതിവായി ലഭിക്കുന്ന എയര്‍ കണ്ടീഷണറുടെ സ്‌പോണ്‍സര്‍ഷിപ്പ് പോലും ഇത്തവണ ലഭിച്ചില്ല.
ഐപിഎല്‍ കാലാവസ്ഥയിലെ മാറ്റം തിരിച്ചടിയായി. ഈ മഴയുള്ള കാലാവസ്ഥയില്‍ ഞങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിട്ട് എന്താണ് നേട്ടം. ഞങ്ങളുടെ ആവിശ്യം അനുസരിച്ചുള്ള തുകയ്ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കുക വലിയ ബുദ്ധിമുട്ടാണ്. ഉത്സവങ്ങളുടെ സമയത്താണ് ഐപിഎല്‍ നടക്കുന്നത്. അതിനാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഒരു ഐപിഎല്‍ ടീം സിഇഒ പറഞ്ഞു.
നേരത്തത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ആളുകള്‍ ഐപിഎല്‍ കാണാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വ്യാപനം മൂലം കൂടുതല്‍ ആളുകളും വീടുകളില്‍ത്തന്നെ കഴിയുന്നതിനാല്‍ ഓണ്‍ലൈനായി കൂടുതല്‍ ആളുകള്‍ മത്സരം കാണുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം സെപ്തംബറിലേക്ക് നീളുകയായിരുന്നു.