ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണെക്കൂടി വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐപിഎല്ലിന്റെ 13ാം എഡിഷന്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ നടക്കുമെന്ന് ഐസിസി പ്രഖ്യാപനമെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ടീം തിരിഞ്ഞുള്ള ചര്‍ച്ചകളും സജീവമായി. ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയില്‍ ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ് വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു.
കോലിയും എബി ഡിവില്ലിയേഴ്‌സും ബാറ്റിങ് കരുത്ത് പകരുന്ന ബംഗളൂരു ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. എന്നാല്‍ കോലിയാണോ എബിഡിയാണോ മികച്ച ബാറ്റ്‌സ്മാന്‍? ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എബിഡിയെയാണ് തിരഞ്ഞെടുത്തത്. രണ്ടുപേരും മികച്ചവരാണെങ്കിലും ഡിവില്ലിയേഴ്‌സിന്റെ ശൈലി ബൗളര്‍മാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും താഹിര്‍ പറഞ്ഞു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 5412 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും 5 സെഞ്ച്വറിയും ഉള്‍പ്പെടും. 154 മത്സരത്തില്‍ നിന്ന് 4395 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം.

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ ആദ്യമായി കണ്ട അനുഭവവും താഹിര്‍ പങ്കുവെച്ചു. റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റില്‍ എടുത്തപ്പോഴാണ് ധോണിയെ കൂടുതലായി പരിചയപ്പെട്ടത്. എങ്ങനെ ധോണിയോട് സംസാരിക്കണമെന്ന് ആലോചിച്ച് അല്‍പ്പം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി ധോണി എന്റെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ റൂമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തില്‍ നിന്നുള്ള ഇത്തരമൊരു വാക്ക് ഹൃദയത്തില്‍ തൊടുന്നതായിരുന്നു. നിങ്ങള്‍ ക്ഷണിച്ചതിനാല്‍ തീര്‍ച്ചായും റൂമിലേക്ക് വരുമെന്ന് ധോണിയോട് പറഞ്ഞുവെന്നും താഹിര്‍ വെളിപ്പെടുത്തി.
വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചെത്തിയതോടെ ഇമ്രാന്‍ താഹിറിനെയും ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തി. യുഎഇയിലെ സ്പിന്‍ സാഹചര്യത്തില്‍ ചെന്നൈയ്ക്കുവേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന താരമാണ് താഹിര്‍. 41ാം വയസിലും ക്രിക്കറ്റില്‍ തുടരുന്ന താഹിര്‍ 20 ടെസ്റ്റില്‍ നിന്ന് 57 വിക്കറ്റും 107 ഏകദിനത്തില്‍ നിന്ന് 173 വിക്കറ്റും 38 ടി20യില്‍ നിന്ന് 63 വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി വീഴ്ത്തിയത്. 55 ഐപിഎല്ലില്‍ നിന്നായി 79 വിക്കറ്റാണ് താഹിര്‍ നേടിയത്.12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.