ഹൈദരാബാദ്: ബാഡ്മിന്റണ്‍താരം കെ ശ്രീകാന്ത് എംഎസ് ധോണിയുടെ കിടിലന്‍ സമ്മാനത്തില്‍ ഞെട്ടിയിരിക്കുകയാണ്. എല്ലാവിധ ആശംസകള്‍ അറിയിച്ചുകൊണ്ട് ഒപ്പിട്ട ബാറ്റാണ് ധോണി ഇന്ത്യയുടെ സൂപ്പര്‍താരത്തിന് സമ്മാനമായി നല്‍കിയത്. ബാറ്റിന്റെ ചിത്രം ഉള്‍പ്പെടെ ശ്രീകാന്ത് തന്റെ സന്തോഷം ട്വിറ്ററിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശ്രീകാന്തിനായുള്ള പ്രത്യേക ജഴ്സിയും സമ്മാനിച്ചു. നമ്പര്‍ 7 ആലേഖനം ചെയ്ത ധോണിയുടെ ജഴ്സിയാണ് ശ്രീകാന്തിന് ലഭിച്ചത്. സമ്മാനം ലഭിച്ചതിന് പിന്നാലെ, മനോഹരമായ സമ്മാനത്തിന് ധോണിക്ക് നന്ദി അറിയിക്കുന്നുവെന്നും, എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
അടുത്തകാലത്തായി ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച താരമാണ് ശ്രീകാന്ത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉശിരന്‍ പ്രകടനത്തോടെ മിക്സഡ് ടീം ഇനത്തില്‍ ശ്രീകാന്ത് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സില്‍ വെള്ളി മെഡലും ശ്രീകാന്ത് നേടി. ഐപിഎല്‍ പുതിയ സീസണില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ധോണിയാകട്ടെ രണ്ടാംവരവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ചാമ്പ്യന്മാരാക്കാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച കിങ്സ് ഇലവന് പഞ്ചാബിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ധോണിയുടെ ടീം.