ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിത് ശര്‍മയെ കൂടാതെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവരെയും ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന. ചൊവാഴ്ച്ച ചേര്‍ന്ന ദേശീയ സ്‌പോര്‍ട്‌സ് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത താരങ്ങളുടെ വിവരങ്ങള്‍ കായിക മന്ത്രാലയം പുറത്തുവിട്ടത്. 2016 -ന് ശേഷം ഇതാദ്യമായാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാലു താരങ്ങളെ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതും.

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ താരമാണ് രോഹിത് ശര്‍മ. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. 1998 -ല്‍ സച്ചിനായിരുന്നു ഖേല്‍ രത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം. ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ വഴിനടത്തിയ ധോണിക്ക് 2007 -ല്‍ ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചു. 2018 -ലാണ് വിരാട് കോലി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായത്. അന്ന് കോലിക്കൊപ്പം ഭാരോദ്വഹന താരം മിരാബായി ചാനുവും ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹയായി.
2018 -ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് വിനേഷ് ഫോഗട്ട് കായികലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന വിശേഷണവും വിനേഷ് ഫോഗട്ടിനുണ്ട്. 2018 -ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ ജേതാവാണ് മനിക ബത്ര. ഇതേവര്‍ഷംതന്നെ ഏഷ്യന്‍ ഗെയിംസിലെ വനിതാ സിംഗിള്‍സില്‍ താരം വെങ്കല നേട്ടവും കുറിച്ചു. റിയോ പാരാലിമ്പിക്‌സില്‍ കയ്യടക്കിയ ചരിത്രനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നത്. അന്ന് ഹൈ ജമ്പ് (T42) ഇനത്തില്‍ മാരിയപ്പന്‍ സ്വര്‍ണം കരസ്ഥമാക്കി. 2019 -ല്‍ പാരാലിമ്പിക്‌സ് താരം ദീപാ മാലിക്, ഗുസ്തി താരം ബജ്‌റംഗ് പൂനിയ എന്നിവരാണ് ഖേല്‍ രത്‌ന പുരസ്‌കാരം നേടിയത്.