സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് രാജിവെച്ചൊഴിഞ്ഞ ഡാരന്‍ ലീമാന് പകരം ഓസ്ട്രേലിയ പുതിയ കോച്ചിനെ നിയമിച്ചു. മുന്‍ ഓപ്പണര്‍ ജസ്റ്റിന് ലാംഗര്‍ ആകും ഇനി ഓസീസിനെ പരിശീലിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ യോഗത്തിനുശേഷം കോച്ചിനെ പ്രഖ്യാക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് മുന്‍ കോച്ച് ഡാരന്‍ ലീമാന് കാലവധി പൂര്‍ത്തിയാകും മുന്‍പ് സ്ഥാനം ഒഴിഞ്ഞത്. ലീമാന് സംഭവത്തില്‍ നിരപരാധിയാണെന്നും രാജിവെക്കേണ്ടതില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്താണ് മുന്‍താരം രാജിവെച്ചത്.
ഓസ്ട്രേലിയയ്ക്കുവേണ്ടി 105 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് ലാംഗര്ക്കുണ്ട്. കഴിഞ്ഞ അഞ്ച് സീസണുകളിലായി വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ പരിശീലകനാണ് ഇദ്ദേഹം. കൂടാതെ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ മൂന്നുതവണ ബിഗ് ബാഷ് ലീഗ് ചാമ്പ്യന്മാരാക്കിയതും ലാംഗറുടെ പരിശീലന മികവാണ്.
മൂന്നു കളിക്കാരെ പുറത്താക്കിയ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് ലാംഗര്ക്കു മുന്നിലുള്ളത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നീ മികച്ച താരങ്ങളുടെ അഭാവത്തില്‍ ടീമിന് ലോകകപ്പിന് ഒരുങ്ങേണ്ടതുണ്ട്. ലോകകപ്പില്‍ ഇവര്‍ തിരിച്ചെത്തുമെങ്കിലും ടീമിന് ആത്മവിശ്വാസമേകാനും ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍ നിന്നും ഓസ്ട്രേലിയയെ കരകയറ്റേണ്ടതുമായ ഉത്തരവാദിത്വം ഈ നാല്പ്പത്തിയാറുകാരനിലായിരിക്കും.