മുംബൈ: ബിസിസിഐയുടെ പരമോന്നത ബഹുമതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോളി ഉമ്രിഗര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്കും വനിതാ വിഭാഗത്തില്‍ ലെഗ് സ്പിന്നര്‍ പൂനം യാദവുമാണ് പുരസ്കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാര്‍ഡ്.
മുംബൈയില്‍ നടക്കുന്ന ബിസിസിഐ വാര്‍ഷിക പുരസ്കാര ചടങ്ങില്‍ ഇരുവര്‍ക്കും പുരസ്കാരം സമ്മാനിക്കും. ഇന്ന് ട്വിറ്ററിലൂടെയാണ് ബിസിസിഐ പുരസ്കാരം പ്രഖ്യാപിച്ചത്. സമീപകാലത്തായി ഇന്ത്യന്‍ ബൗളിങ്ങിന്റ കുന്തമുനയാണ് ബൂംറ. ഇന്ത്യയിലും വിദേശ മൈതാനത്തും ഒരുപോലെ തിളങ്ങുന്ന ബൂംറ ടെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് കൂടുതല്‍ ശോഭിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഇക്കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.
ബിഗ്ബാഷില്‍ തട്ടുതകര്‍പ്പന്‍ ബാറ്റിങ്ങുമായി സ്റ്റോയ്നിസ്, റെക്കോര്‍ഡുകള്‍ തകര്‍ത്തു
26കാരനായ ബൂംറ 12 ടെസ്റ്റില്‍ നിന്ന് 62 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 103 വിക്കറ്റും 44 ടി20യില്‍ നിന്ന് 53 വിക്കറ്റും ഇന്ത്യക്കായി നേടിയിട്ടുണ്ട്. 77 ഐപിഎല്‍ കളിച്ച ബൂംറ 82 വിക്കറ്റും അക്കൗണ്ടിലാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് താരം കളിക്കുന്നത്. 28കാരിയായ പൂനം 46 ഏകദിനത്തില്‍ നിന്ന് 72 വിക്കറ്റും 62 ടി20യില്‍ നിന്ന് 85 വിക്കറ്റും ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന് കൃഷ്ണമാചാരി ശ്രീകാന്ത്, വനിതാ താരം അന്‍ജും ചോപ്ര എന്നിവര്‍ക്ക് കേണല്‍ സികെ നായിഡു ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡും സമ്മാനിക്കും.