സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (ഐപിഎല്‍) പുകഴ്ത്തി ഓസീസ് പേസര്ഡ ജോഷ് ഹെയ്‌സല്‍വുഡ്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റ് ഐപിഎല്ലാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'നിരവധി പ്രമുഖ താരങ്ങള്‍ കളിക്കുന്ന ലോകത്തിലെ മികച്ച ടി20 ടൂര്‍ണമെന്റാണ് ഐപിഎല്‍. ബിഗ്ബാഷ് ലീഗിലൂടെയാണ് ടി20 ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് പഠിച്ചത്. ഐപിഎല്ലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരം ഒഴിവാക്കേണ്ടി വരുന്നതാണ് വലിയ പ്രയാസം'-ഹെയ്‌സല്‍വുഡ് പറഞ്ഞു.
ബിഗ്ബാഷ് ലീഗില്‍ കളിക്കുന്നതിനാല്‍ അദ്ദേഹം ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല. ഓസ്‌ട്രേലിയക്കുവേണ്ടി 51 ടെസ്റ്റില്‍ നിന്ന് 195 വിക്കറ്റും 48 ഏകദിനങ്ങളില്‍ നിന്ന് 78 വിക്കറ്റും 7 ടി20യില്‍ നിന്ന് എട്ട് വിക്കറ്റുമാണ് ഹെയ്‌സല്‍വുഡിന്റെ പേരിലുള്ളത്. ഇന്ത്യന്‍ മൈതാനങ്ങളില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹെയ്‌സല്‍വുഡ്. പരിമിത ഓവര്‍ മത്സരങ്ങളില്‍ സജീവമല്ലെങ്കിലും ഓസീസിന്റെ ടെസ്റ്റ് ടീമില്‍ ഹെയ്‌സല്‍വുഡ് അഭിവാജ്യ ഘടകമാണ്.

കഴിഞ്ഞ ദിവസം ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറും ഐപിഎല്ലിനെ പുകഴ്ത്തിയിരുന്നു. ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്റാണെന്നാണ് സാന്റ്‌നറും അഭിപ്രായപ്പെട്ടത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി അദ്ദേഹം കളിക്കുന്നുണ്ട്. 2018ല്‍ ചെന്നൈയിലെത്തിയെങ്കിലും പരിക്ക് മൂലം കളിക്കാന്‍ സാധിച്ചിരുന്നില്ല. അവസാന സീസണില്‍ ചെന്നൈയ്‌ക്കൊപ്പം ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ സാന്റ്‌നറിന് സാധിച്ചിരുന്നു. കഴിഞ്ഞിടെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവും ഐപിഎല്ലിനെ പുകഴ്ത്തിയിരുന്നു.
ഐപിഎല്‍ ദേശീയ ടീമിലെത്താന്‍ യുവതാരങ്ങളെ സഹായിക്കുന്നുവെന്നാണ് കപില്‍ പറഞ്ഞത്. ഇതിനോടകം നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലിടം പിടിക്കാന്‍ ഐപിഎല്ലിലൂടെ സാധിച്ചു. ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്, ക്രുണാല്‍ പാണ്ഡ്യ, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് ഐപിഎല്ലിലൂടെ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയത്.
ഈ വര്‍ഷം മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍ നിലവിലെ റിപ്പോര്‍ട്ടുപ്രകാരം ഒക്ടോബറിലും നവംബറിലുമായി യുഎഇയിലാവും നടക്കുക. അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് ഐപിഎല്‍ നടത്തുകയെന്ന വലിയ വെല്ലുവിളിയാണ് ബിസിസിഐക്ക് മുന്നിലുള്ളത്. ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്ലിനായുള്ള വഴിതുറന്നത്. ഐപിഎല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് ബിസിസിഐ.