കറാച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്‍ 13ാം എഡിഷന്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ലോകത്തിലെത്തന്നെ ഏറ്റവും ആരാധക പിന്തുണയുള്ള ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. ഐപിഎല്ലിന് ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍), കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിഎസ്എല്‍), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) തുടങ്ങിയ ടി20 പ്രീമിയര്‍ ലീഗുകള്‍ എത്തിയെങ്കിലും ഐപിഎല്ലിന്റെ അത്രയും പ്രചാരം നേടാന്‍ ഒരു ടൂര്‍ണമെന്റിനും സാധിച്ചില്ല.
ഇപ്പോഴിതാ ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ക്രിക്കറ്റ് ലീഗാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ വസിം അക്രം. 'പിഎസ്എല്ലും ഐപിഎല്ലും തമ്മില്‍ നിരവധി വ്യത്യാസമുണ്ട്. അവസാന ആറ് ഏഴ് വര്‍ഷമായി വലിയ വ്യത്യാസമുണ്ട്. ഐപിഎല്‍ കൂടുതല്‍ പണം ഇറക്കപ്പെടുന്ന വലിയ ടൂര്‍ണമെന്റാണ്. താരങ്ങളെ വാങ്ങാന്‍ 60-80 കോടി ഇന്ത്യന്‍ രൂപയാണ് അനുവദിക്കുന്നത്. അത് ഞങ്ങളുടെ രൂപയില്‍ ഇരട്ടിയാണ്.

ലഭിക്കുന്ന ലാഭം ഫസ്റ്റ് ക്ലാസിലേക്ക് ബിസിസിഐ നിക്ഷേപിക്കുന്നു'-വസിം അക്രം പറഞ്ഞു. കൊല്‍ക്കത്ത നൈറ് റൈഡേഴ്‌സിന്റെ ബൗളിങ് പരിശീലകനായി ഏറെ നാള്‍ അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടീമിലെ ബൗളിങ് നിരയ്‌ക്കൊപ്പം ഉപദേശകനായും അദ്ദേഹം സജീവമാണ്. പാകിസ്താനുവേണ്ടി 104 ടെസ്റ്റില്‍ നിന്നായി 2898 റണ്‍സും 414 വിക്കറ്റും 356 ഏകദിനത്തില്‍ നിന്നായി 3717 റണ്‍സും 502 വിക്കറ്റുമാണ് അക്രം സ്വന്തമാക്കിയത്. വിരമിച്ച ശേഷവും ക്രിക്കറ്റ് നിരൂപക റോളില്‍ അദ്ദേഹം സജീവമാണ്. കഴിഞ്ഞ ദിവസം മിച്ചല്‍ സാന്റ്‌നറും ജോഷ് ഹെയ്‌സല്‍വുഡും ഐപിഎല്ലാണ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗെന്ന് അഭിപ്രായപ്പെട്ടിരുന്നു.
മറ്റ് ലീഗുകളെ അപേക്ഷിച്ച് താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും സാമ്പത്തിക ലാഭവുമാണ് ഐപിഎല്ലിലൂടെ താരങ്ങള്‍ക്ക് ലഭിക്കുന്നത്. പാകിസ്താനിലെ താരങ്ങളെ നിലവില്‍ ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നില്ല. പിഎസ്എല്ലിനെ അപേക്ഷിച്ച് സൂപ്പര്‍ താരങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്നതും ഐപിഎല്ലിലാണ്. ഇരു ടൂര്‍ണമെന്റിലും ഒത്തുകളി നടത്തിയതിന് താരങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിസിസിഐക്ക് വലിയ സാമ്പത്തിക ലാഭമാണ് ഐപിഎല്‍ നല്‍കുന്നത്. ഒരു സീസണിലെ ഐപിഎല്‍ നഷ്ടമായാല്‍ ഏകദേശം 4000 കോടിരൂപയുടെ നഷ്ടം ബിസിസിഐക്ക് നേരിടേണ്ടി വരും. കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമായതിനാലാണ് ഇത്തവണ യുഎഇയില്‍ ഐപിഎല്‍ നടത്തുന്നത്.