ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ് ഉദ്ഘാടനം ബിസിസിഐ ഉപേക്ഷിച്ചത് പുല്‍വാമയില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്കുവേണ്ടി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരമായി ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റാനാണ് ബിസിസിഐയുടെ തീരുമാനം. സാധാരണ രീതിയില്‍ നടത്താറുള്ള ഉദ്ഘാടന ചടങ്ങുകള്‍ മാറ്റി അതിനായുള്ള തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നല്‍കും.
യൂറോ യോഗ്യതാ മത്സരം; ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വമ്പന്‍ ജയം, പോര്‍ച്ചുഗല്‍ കുടുങ്ങി
ഉദ്ഘാടന ചടങ്ങില്‍ സൈന്യത്തെ പ്രതിനിധീകരിച്ച് ഓഫീസര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കളിക്കാരും മൂന്നംഗ സിഇഒയും പരിപാടിയില്‍ പങ്കെടുക്കും. ലെഫ്റ്റ്നെന്റ് കേണല്‍ ബഹുമതിയുള്ള ധോണിക്ക് ചടങ്ങില്‍ പ്രത്യേക പ്രാധാന്യമുണ്ടായിരിക്കും. നേരത്തെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ സൈനിക തൊപ്പിയണിഞ്ഞ് എത്തിയിരുന്നു.
സൈനിക ബാന്‍ഡ് മേളവും ഉദ്ഘാടന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചടങ്ങില്‍ വെച്ച് 20 കോടി രൂപ ബിസിസിഐ സൈനികരുടെ ക്ഷേമത്തിനായി സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.