കൊല്‍ക്കത്ത: ഐപിഎല്‍ 2020 സീസണിലേക്കുള്ള ലേലം പുരോഗമിക്കവെ ഇംഗ്ലീഷ് താരം ഇയോയിന്‍ മോര്‍ഗനെ വന്‍ തുകയ്ക്ക് സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മോര്‍ഗനുവേണ്ടി മുംബൈ ഇന്ത്യന്‍സ് ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഒടുവില്‍ 5.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന് കഴിയും.
നേരത്തെ 2011 മുതല്‍ 2013വരെ മോര്‍ഗന്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ചിരുന്നു. അടിസ്ഥാന വിലയായ 2 കോടിക്കാണ് മോര്‍ഗനുവേണ്ടി ലേലം ആരംഭിച്ചത്. ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന നിലയില്‍ മോര്‍ഗനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാതെ കൊല്‍ക്കത്ത ലേലത്തുക ഉയര്‍ത്തുകയായിരുന്നു. ഒടുവില്‍ 5.25 കോടി രൂപയ്ക്ക് മോര്‍ഗനെ കൊല്‍ക്കത്ത ഒപ്പം കൂട്ടുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് പണം വാരിയ മറ്റൊരു കളിക്കാരന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 4.40 കോടി രൂപയ്ക്ക് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെ സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഫിഞ്ചിനുവേണ്ടി രംഗത്തുണ്ടായിരുന്നത്. അടിസ്ഥാന വിലയായ ഒരു കോടിയില്‍ ഫിഞ്ചിനുവേണ്ടി വിളി തുടങ്ങി. മികച്ച ഓപ്പണറെ തേടുന്ന റോയല്‍ ചാലേഞ്ചേഴ്‌സിന് ഫിഞ്ചിന്റെ വരവ് ഗുണം ചെയ്യും.
ലേലത്തിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത ഒഴിവാക്കിയ ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ ഡല്‍ഹി കാപ്പിറ്റല്‍സ് 1.50 കോടി രൂപയ്ക്കും നേടി. രണ്ട് കളിക്കാരും ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ഫോമിലാണെന്നത് ഫ്രാഞ്ചൈസികള്‍ക്ക് നേട്ടമാകും. ആറ് സീസണുകളില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ച റോബിന്‍ ഉത്തപ്പ 3 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഉത്തപ്പയ്ക്കുവേണ്ടി രംഗത്തുണ്ടായിരുന്നത്.