കളത്തിനു പുറത്ത് ഇവരാണ് കൂട്ട്- റോയല്‍സ് താരങ്ങളുടെ പങ്കാളികളെ അറിയാം

രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന ഐപിഎല്‍ സീസണായിരുന്നു ഇത്. കാരണം ആരും തന്നെ സാധ്യത കല്‍പ്പിക്കാത്തയിടത്തു നിന്നാണ് സഞ്ജു സാംസണും സംഘവും അവിസ്മരണീയ പടയോട്ടം നടത്തിയത്. 2008നു ശേഷം ആദ്യമായി റോയല്‍സ് ഇത്തവണ ഫൈനല്‍ കളിക്കുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കിരീടം അടിയറവയ്‌ക്കേണ്ടി വന്നെങ്കിലും റോയല്‍സിന്റെ പ്രകടനത്തെയും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെയും എല്ലാവരും വാഴ്ത്തിയിരുന്നു. ഐപിഎല്‍ അവസാനിച്ചരിക്കുകയാണ്. അതുകൊണ്ടു തന്നെ റോയല്‍സ് താരങ്ങളുടെ വ്യക്തിജീവിതം നമുക്കൊന്നു പരിശോധിക്കാം. റോയല്‍സിന്റെ ചില പ്രമുഖ കളിക്കാരുടെ ഭാര്യമാരും കാമുകിമാരും ആരൊക്കെയാണെന്നറിയാം.

മലയാളിയും നാട്ടുകാരിയുമായ ചാരുലതയെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കോളേജില്‍ പഠിച്ചവരാണ് ഇരുവരും. ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം വഴിമാറിയത്.

കെമിസ്ട്രിയില്‍ ബിരുദമെടുത്ത ചാരുലത ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. നിലവിലൊരു സംരഭക കൂടിയാണ് ഇവര്‍. 2018ലാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്.

ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. ടീമിനെ ഫൈനല്‍ വരെയത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഫിറ്റ്‌നസ് പരിശീലകയായ ലൂയിസ് വെബ്ബറിനെയാണ് ബട്‌ലര്‍ വിവാഹം കഴിച്ചത്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ലായിരുന്നു ഇവരുടെ വിവാഹം. 2019ല്‍ ജോര്‍ജിയ ബട്‌ലറെന്ന മകളും ഇവര്‍ക്കു ജനിച്ചു. പലപ്പോഴും ബട്‌ലര്‍ക്കു പിന്തുണയുമായി ഗാലറിയില്‍ ലൂയിസ് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ദമ്പതികള്‍ക്കു മാര്‍ഗറ്റ് ബട്‌ലറെന്ന രണ്ടാമത്തെ മകള്‍ പിറന്നിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഭാര്യ ഗെര്‍ട്ടി സ്മിത്താണ്. ഇവര്‍ അദ്യാപിക കൂടിയാണ്. ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മെല്‍ബണില്‍ വച്ചാണ് ഗെര്‍ട്ടിയോടു ബോള്‍ട്ട് വിവാഹ അഭ്യര്‍ഥന നടത്തിയത്. 2016ല്‍ വിവാഹ നിശ്ചയവും തൊട്ടടുത്ത വര്‍ഷം വിവാഹവും നടന്നു. 2019 ഒക്ടോബറില്‍ ബോള്‍ട്ട്- ഗെര്‍ട്ടി ദമ്പതികള്‍ക്കു മകന്‍ ജനിക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നറായ ആര്‍ അശ്വിന്റെ ഭാര്യ പ്രീതി നാരായണനാണ്. ബിടെക് ബിരുദദാരിയാണെങ്കിലും പ്രീതി കുടുംബിനിയായി കഴിയുകയാണ്. മാരത്തോണുകളില്‍ പങ്കെടുക്കാറുള്ള ഇവര്‍ ക്ലാസിക്കല്‍ നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഒരേ സ്‌കൂളിലാണ് അശ്വിനും പ്രീതിയും പഠിച്ചത്. പിന്നീട് കോളേിലും ഒുമിച്ചായിരുന്നു. ദീര്‍ഘകാലത്തെ സൗഹൃദം പിന്നീട് പ്രണയത്തിലും കലാശിച്ചു. ഇരു കുടുംബംഗങ്ങളുടെയും അനുവാദത്തോടെ 2011ലായിരുന്നു വിവാഹം. രണ്ടു പെണ്‍മക്കളാണ് അശ്വിന്‍- പ്രീതി ദമ്പതികള്‍ക്കുള്ളത്.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്ന ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ബൗളിങില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുന്തമുനയായിരുന്നു. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയതും ചാഹല്‍ തന്നെയാണ്. ധനശ്രീ വര്‍മയെയാണ് ചാഹല്‍ വിവാഹം കഴിച്ചിരിക്കുന്നത്.

ഡെന്റിസ്റ്റും ഡാന്‍സറും യൂട്യൂബറും കൂടിയാണ് ധനശ്രീ. ലോക്ക്ടൗണ്‍ സമയത്താണ് ചാഹല്‍ ധനശ്രീയുടെ നൃത്തക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഇവിടെ വച്ച് ഇവര്‍ അടുപ്പത്തിലാവുകയുമായിരുന്നു. 2020ലായിരുന്നു വിവാഹം. ചാഹലിന്റെ മല്‍സരങ്ങളുള്ള വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ധനശ്രീ.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഫിനിഷറുടെ റോളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഉമ്രാവോ നിര്‍വാനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ ഗയാന സ്വദേശിയാണെങ്കിലും നിര്‍വാനിയുടെ പൂര്‍വികര്‍ ഇന്ത്യക്കാരാണ്. 2019ലാണ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇരുവരും പരിചയപ്പെടുന്നത്. 2020ല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇത്തവണത്തെ ഐപിഎല്ലിനിടെയായിരുന്നു ഇവര്‍ക്കു കുഞ്ഞ് ജനിച്ചത്. ഇതേ തുടര്‍ന്നു ഹെറ്റ്‌മെയര്‍ നാട്ടിലേക്കു മടങ്ങുകയും പിന്നീട് ടീമില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 3, 2022, 17:51 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X