അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഈ മാസം 19ന് ആരംഭിക്കാനിരിക്കെ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത് ചില സൂപ്പര്‍ താരങ്ങളുടെ അഭാവമാണ്. അതില്‍ പ്രധാനം ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്‌നയുടെ അഭാവമാണ്. സിഎസ്‌കെ ടീമിനൊപ്പം യുഎഇയിലേക്ക് പോയ റെയ്‌ന പിന്നീട് ഇന്ത്യയിലേക്ക് തിരിച്ച് പോരുകയായിരുന്നു. റെയ്‌നയുടെ കുടുംബത്തിന് നേരെ ആക്രമണമുണ്ടാവുകയും അമ്മാവന്‍ മരണപ്പെടുകയും ചെയ്തതിനാലാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്.
എന്നാല്‍ റെയ്‌ന സിഎസ്‌കെ ടീമുമായി ഉടക്കി നാട്ടിലേക്ക് മടങ്ങിയതാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആരാധകരെ സംബന്ധിച്ച് കടുത്ത നിരാശയാണ് റെയ്‌നയുടെ അഭാവം. ഇപ്പോഴിതാ റെയ്‌നയുടെ തിരിച്ചുവരവ് സാധ്യതകള്‍ സജീവമാക്കി റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഇത് താരം മടങ്ങിവരുന്നുവെന്നുള്ളതിന്റെ സൂചനയായാണ് ആരാധകര്‍ കാണുന്നത്. റെയ്‌നയുടെ പരിശീലനത്തിന് വീഡിയോക്കും ചിത്രത്തിനും അടിയില്‍ നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. കൂടുതല്‍ ആളുകളും റെയ്‌നയോട് സിഎസ്‌കെയിലേക്ക് തിരിച്ചെത്തണമെന്നാണ് ആവിശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെയായും റെയ്‌നയുടെ പകരക്കാരനെയും സിഎസ്‌കെ പ്രഖ്യാപിക്കാത്തതിനാല്‍ റെയ്‌ന മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ആരാധകര്‍.
മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയില്‍ പ്രഥമ സീസണ്‍ മുതല്‍ റെയ്‌ന സജീവമാണ്. മൂന്നാം നമ്പറില്‍ റെയ്‌നയെപ്പോലൊരു ടി20 താരത്തെ ഐപിഎല്‍ കണ്ടിട്ടില്ല. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ കോലിക്ക് താഴെ രണ്ടാം സ്ഥാനത്താണ് റെയ്‌ന. സിഎസ്‌കെ ആരാധകര്‍ക്ക് ധോണി തലയാണെങ്കില്‍ റെയ്‌ന ചിന്ന തലയാണ്. അത്രയ്ക്ക് വലിയ ആരാധക പിന്തുണ റെയ്‌നയ്ക്കുണ്ട്.
യുഎഇയിലെത്തിയ സിഎസ്‌കെ ടീമില്‍ റെയ്‌നയ്ക്ക് വേണ്ടത്ര സൗകര്യമുള്ള മുറി നല്‍കാത്തതിനാല്‍ റെയ്‌ന മാനേജ്‌മെന്റുമായി പിണങ്ങിപ്പോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു സിഎസ്‌കെ വൃത്തങ്ങളുടെ ആദ്യ പ്രതികരണങ്ങളും. റെയ്‌ന ടീം വിട്ടിട്ടുണ്ടെങ്കില്‍ അനുഭവിക്കുമെന്നായിരുന്നു ശ്രീനിവാസന്‍ പ്രതികരിച്ചതെങ്കിലും ഇതിനെ അച്ഛന്‍ മകനെ ഉപദേശിക്കുന്നതുപോലെ കണ്ടാല്‍ മതിയെന്നാണ് റെയ്‌ന പറഞ്ഞത്.
നേരത്തെ യുഎഇയിലെത്തിയ നിരവധി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും റെയ്‌നയുടെ മടങ്ങിപ്പോക്കിന് കാരണമായി പറയുന്നു. എന്തായാലും സിഎസ്‌കെ ടീം ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. 194 ഐപിഎല്ലില്‍ നിന്നായി 1 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയുമടക്കം 5368 റണ്‍സും 25 വിക്കറ്റുമാണ് റെയ്‌നയുടെ സമ്പാദ്യം. എന്തായാലും പിണക്കം മറന്ന് റെയ്‌ന തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
റെയ്‌ന ഇന്‍സ്റ്റഗ്രാം വീഡിയോ കാണാം