Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ പിന്തുണയ്ക്കുന്ന ടീമേത്? ടീമിനല്ല നാല് താരങ്ങള്‍ക്കാണ് പിന്തുണ: സ്മൃതി മന്ദാന

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. എല്ലാ ടീമും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കവെ ഇത്തവണ ആര്‍ക്കും തന്നെ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലില്‍ പിന്തുണ ഏത് ടീമിനെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം ഉപനായികയും വെടിക്കെട്ട് ഓപ്പണറുമായ സ്മൃതി മന്ദാന. തന്റെ പിന്തുണ ഒരു ടീമിനല്ല താരങ്ങള്‍ക്കാണെന്നാണ് മന്ദാന പറഞ്ഞത്.

മന്ദാന

'എല്ലാ മത്സരവും ഞാന്‍ കാണും. എല്ലാ താരങ്ങളെയും നിരീക്ഷിക്കാറുണ്ട്. എന്നാല്‍ ഒരു ടീമിന് മാത്രമായി പിന്തുണ നല്‍കുന്നില്ല. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം എസ് ധോണി എന്നിവര്‍ക്ക് പിന്തുണ നല്‍കാനാണ് ആഗ്രഹിക്കുന്നത്'-മന്ദാന പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആദ്യ മൂന്ന് മത്സരത്തിലും ആര്‍സിബി നായകനായ കോലി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു.

ക്രിക്കറ്റ്

ഏറെ നാളായി ക്രിക്കറ്റ് കളിക്കാതിരുന്നതിനാല്‍ത്തന്നെ യുഎഇയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ആര്‍സിബി ഇത്തവണ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ആദ്യ മൂന്ന് മത്സരത്തില്‍ രണ്ടിലും അവര്‍ വിജയിച്ചു. ഹൈദരാബാദിനെയും മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ചപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോടാണ് അവര്‍ തോറ്റത്.

രോഹിത് ശര്‍മ

അതേ സമയം ആര്‍സിബിക്കുവേണ്ടി എബി ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ സൂപ്പര്‍ ഓവറില്‍ ആര്‍സിബിക്ക് വിജയം സമ്മാനിച്ചത് എബിഡിയുടെ മികവായിരുന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഒരു അര്‍ധ സെഞ്ച്വറി ഈ സീസണില്‍ നേടിയെങ്കിലും സ്ഥിരത കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആദ്യ മൂന്ന് മത്സരത്തില്‍ രണ്ടിലും തോറ്റു. കെകെആറിനെ മാത്രമാണ് അവര്‍ പരാജയപ്പെടുത്തിയത്.

എം എസ് ധോണി

സിഎസ്‌കെ നായകന്‍ എം എസ് ധോണിയും നിരാശപ്പെടുത്തുന്നു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ധോണി ഏഴാം നമ്പറിലാണ് സിഎസ്‌കെയ്ക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയത്. ഇത് വളരെ വിമര്‍ശനത്തിന് കാരണവുമാവുകയും ചെയ്തു. ടീമെന്ന നിലയിലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് സിഎസ്‌കെ പുറത്തെടുക്കുന്നത്.

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്നും സ്മൃതി പറഞ്ഞു. 'യുവതാരങ്ങളുടെ ബാറ്റിങ് കാണുമ്പോള്‍ വളരെ പ്രചോദനം തോന്നുന്നു. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്ന ശൈലി. സഞ്ജുവിന്റെ വലിയ ആരാധികയാണ് ഞാന്‍. രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ പിന്തുണയ്ക്കാന്‍ തുടങ്ങിയത് തന്നെ സഞ്ജുവിനെക്കണ്ടിട്ടാണ്. വളരെ രസകരമായ ബാറ്റിങ്ങാണ് സഞ്ജുവിന്റേത്. നന്നായി ബാറ്റ് ചെയ്യുന്നവരില്‍ നിന്നും ബൗള്‍ ചെയ്യുന്നവരില്‍ നിന്നും പഠിക്കാനാണ് ശ്രമിക്കാറ്'-സ്മൃതി പറഞ്ഞു. ടി20 വനിതാ ചലഞ്ചില്‍ സ്മൃതി കളിക്കുന്നുണ്ട്. നവംബര്‍ 4 മുതല്‍ 9വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. വെടിക്കെട്ട് ശൈലികൊണ്ട് വനിതാ ടീമില്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സ്മൃതി.

Story first published: Thursday, October 1, 2020, 13:51 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+