അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് മുന്നോടിയായുള്ള ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി മിക്ക ടീമുകളും നെറ്റ്‌സ് പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തങ്ങളുടെ നെറ്റ്‌സ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ നെറ്റ്‌സ് പരിശീലനത്തിന് ശേഷമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആര്‍സിബി നായകന്‍ വിരാട് കോലി.
അല്‍പ്പം ഭയമുണ്ടായിരുന്നുവെന്നാണ് കോലി പറഞ്ഞത്. കോവിഡിനെത്തുടര്‍ന്ന് മുംബൈയിലായിരുന്ന കോലിക്ക് അഞ്ച് മാസമായി നെറ്റ്‌സ് പരിശീലനം നടത്താന്‍ സാധിച്ചിരുന്നില്ല. 'പ്രതീക്ഷിച്ചതിലും മികച്ച അനുഭവമായിരുന്നു. സത്യ സന്ധമായി പറഞ്ഞാല്‍ അല്‍പ്പം ഭയമുണ്ടായിരുന്നു. അഞ്ച് മാസത്തോളമായി ഞാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.

ലോക്ഡൗണിനിടെ അല്‍പ്പം പരിശീലനം നടത്തിയിരുന്നു. അത് ഹിറ്റായിരിക്കാന്‍ സഹായിച്ചു'-കോലി പറഞ്ഞു. ആര്‍സിബിയുടെ വെബ്‌സൈറ്റിലാണ് കോലി നെറ്റ്‌സ് അനുഭവം പങ്കുവെച്ചത്. ശരീരം മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നുവെന്നത് അനുകൂലമായ കാര്യമാണ്. ശരീരം അനുകൂലിച്ചില്ലെങ്കില്‍ പരിശീലന സെക്ഷന്‍ ബുദ്ധിമുട്ടായി മാറും. പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ ആദ്യ സെക്ഷന്‍ നടത്താന്‍ സാധിച്ചുവെന്നും കോലി പറഞ്ഞു.
ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ കരുത്ത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. മുന്‍ സീസണുകളെ അപേക്ഷിച്ച് അല്‍പ്പം കൂടി ഭേദപ്പെട്ട ബൗളിങ് നിരയാണ് ഇത്തവണ ബംഗളൂരുവിനൊപ്പമുള്ളത്.
സ്റ്റെയിന്‍, ക്രിസ് മോറിസ്, നവദീപ് സൈനി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിന്റെ പേസര്‍മാര്‍. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലിനൊപ്പം പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ ആര്‍സിബിയുമുണ്ട്.
രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളും നെറ്റ്‌സ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അബുദാബിയിലെ ക്വാറന്റെയ്ന്‍ നിയമങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ പരിശീലനം ആരംഭിക്കാന്‍ വൈകും. അതേ സമയം സിഎസ്‌കെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ടൂര്‍ണമെന്റില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.