അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ കോവിഡ് പരിശോധനാ ഫലം. നിലവിലെ ടീമിന്റെ ഭാഗമായുള്ള താരങ്ങള്‍ക്കും സ്റ്റാഫുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിരിക്കുകയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് പുതിയ ഫലം.
ഇനി സെപ്റ്റംബര്‍ 3ന് ഒരു പരിശോധന കൂടി ബാക്കിയുണ്ട്. അതിലും എല്ലാവര്‍ക്കും നെഗറ്റീവാണെന്ന് വ്യക്തമായാല്‍ സിഎസ്‌കെ ടീം പരിശീലനം ആരംഭിക്കും. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ 14 ദിവസത്തെ ക്വാറന്റെയ്‌നില്‍ തുടരും. രോഗം സ്ഥിരീകരിച്ച ദീപക് ചഹാറും റുതുരാജ് ജയ്കവാഡും സെപ്റ്റംബര്‍ 12ന് മുമ്പ് പരിശീലനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ സിഎസ്‌കെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണുണ്ടാക്കിയത്.

സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെപ്പോലും ആശങ്കയിലാഴ്ത്തുന്നതായിരുന്നു സിഎസ്‌കെ താരങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത. എന്തായാലും ശുഭവാര്‍ത്ത പുറത്തുവന്നതോടെ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ടീം ഉടന്‍ തന്നെ പരിശീലനം ആരംഭിച്ച് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ സുരേഷ് റെയ്‌ന സിഎസ്‌കെ വിട്ട് നാട്ടിലേക്ക് മടങ്ങിയതും ചെറിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. ടൂര്‍ണമെന്റിനായി ആദ്യം യുഎയിലേക്കെത്തുക സിഎസ്‌കെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ട ടീമായാണ് ധോണിയും സംഘവും ഇന്ത്യ വിട്ടത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ മിനി ക്യാംപും സിഎസ്‌കെ നടത്തിയിരുന്നു.
സുരേഷ് റെയ്‌ന, എംഎസ് ധോണി,പീയൂഷ് ചൗള, അമ്പാട്ടി റായിഡു, ദീപക് ചഹാര്‍ തുടങ്ങി ഒട്ടുമിക്ക താരങ്ങളും അന്ന് പരിശീലന ക്യംപില്‍ പങ്കെടുക്കുകയും ചെയ്ത്. ആഗസ്റ്റ് 15ന് ആരംഭിച്ച് 20ന് അവസാനിച്ച ക്യാംപില്‍ നിന്ന് രവീന്ദ്ര ജഡേജയും ഹര്‍ഭജന്‍ സിങും വ്യക്തിപരമായ കാരണങ്ങളെച്ചൊല്ലി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. യുഎഇയില്‍ ക്വാറന്റെയ്ന്‍ കാലാവധി പൂര്‍ത്തിയാക്കി അവസാന പരിശോധനയിലാണ് സിഎസ്‌കെയിലെ നിരവധി അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ടീമിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചെന്നൈയില്‍ സംഘടിപ്പിച്ച മിനി ക്യാംപില്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. മിക്ക ടീമുകളും സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് യാത്ര ചെയ്തത്. എന്നാല്‍ സിഎസ്‌കെ താരങ്ങള്‍ പലപ്പോഴും മാസ്‌ക് പോലും ഉപയോഗിച്ചില്ല. ഇതിന്റെ തെളിവായി ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. എന്തായാലും സിഎസ്‌കെ താരങ്ങളുടെ ഫലം പോസിറ്റീവായത് ആരാധകര്‍ക്കും ബിസിസിഐക്കും ഒരുപോലെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.