കിങ്‌സ്ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. ടീമുകളെല്ലാം ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ബിസിസിഐ. ഐപിഎല്ലില്‍ ടി20 സ്‌പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങള്‍ കളിക്കുന്നുണ്ടെങ്കിലും 'യൂനിവേഴ്‌സല്‍ ബോസ്' ക്രിസ് ഗെയ്‌ലിന്റെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്.
ഇത്തവണയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ പങ്കെടുക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിന് മുന്നോടിയായി ട്വിറ്ററില്‍ ആരാധകന്റെ ചോദ്യവും അതിന് ഗെയ്ല്‍ നല്‍കിയ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ആരാധകര്‍.

ഇത്തവണത്തെ ഐപിഎല്ലില്‍ യൂനിവേഴ്‌സല്‍ ബോസായ ക്രിസ് ഗെയ്‌ലിന് സെഞ്ച്വറി നേടാന്‍ എത്ര ഇന്നിങ്‌സ് വേണ്ടിവരുമെന്നാണ് ഒരു ആരാധകന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ട്വിറ്റര്‍ പേജില്‍ ചോദ്യം ഉന്നയിച്ചത്. ഇതിന് 1 ഇന്നിങ്‌സ് എന്ന ഗെയ്‌ലിന്റെ മറുപടിയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഐപിഎല്ലിനായി തയ്യാറെടുപ്പിലാണ് നിലവില്‍ ഗെയ്ല്‍. ഈ വര്‍ഷം ജനുവരിക്ക് ശേഷം ഗെയ്ല്‍ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് ഗെയ്ല്‍ വിട്ട് നിന്നിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം കളിക്കുമെന്നുറപ്പായിട്ടുണ്ട്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഗെയ്ല്‍ത്തന്നെ എത്താനാണ് സാധ്യത.ടി20 ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച താരം ഗെയ്‌ലാണ്. ഒട്ടുമിക്ക ക്രിക്കറ്റ് ലീഗിലും കളിച്ച് പരിചയസമ്പന്നനായ ഗെയ്ല്‍ ഐപിഎല്ലിലും പ്രഥമ സീസണ്‍ മുതല്‍ സജീവ സാന്നിധ്യമാണ്.
125 ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഗെയ്ല്‍ 41.14 ശരാശരിയില്‍ 4484 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. ഇതില്‍ ആറ് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 369 ബൗണ്ടറിയും 326 സിക്‌സും ഗെയ്ല്‍ പറത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഗെയ്‌ലിന്റെ (175) പേരിലാണ്. 151.03 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്കറേറ്റ്. അന്താരാഷ്ട്ര ടി20യില്‍ രണ്ട് തവണയും ഗെയ്ല്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
40കാരനായ ഗെയ്ല്‍ ഏറെ നാളായി കളിക്കാതിരിക്കുന്നതിനാല്‍ അത് പ്രകടനത്തെ ബാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. അവസാന രണ്ട് സീസണില്‍ നിന്ന് പഞ്ചാബിനൊപ്പം 858 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ക്കുവേണ്ടിയും ഗെയ്ല്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
