ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ് ആരംഭിക്കാന്‍ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. ആവേശകരമായ മറ്റൊരു സീസണ്‍കൂടി എത്തുമ്പോള്‍ വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സാധ്യതകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ കെകെആര്‍ നായകനും ഇന്ത്യന്‍ ഓപ്പണറും ആയിരുന്ന ഗൗതം ഗംഭീര്‍. 'ഇത്തവണ അല്‍പ്പം കൂടി സംതുലിതമായ ടീമിനെയാണ് വിരാട് കോലിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സമയത്ത് കോലിയെ ബാറ്റിങ്ങില്‍ വല്ലാതെ ടീം ആശ്രയിച്ചിരുന്നു.
ബൗളിങ്ങിനെ അവരുടെ കരുത്തായി കണ്ടിരുന്നില്ല. എന്നാല്‍ ഇത്തവണ അവരുടെ ടീം മാനേജ്മെന്റ് അല്‍പ്പം കൂടി സംതുലിതമായ ടീമിനെ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബൗളിങ്ങില്‍ ശക്തി ഉയര്‍ത്തിയതോടൊപ്പം ചില മികച്ച ഓള്‍റൗണ്ടര്‍മാരും അവര്‍ക്കൊപ്പമുണ്ട്. ആരോണ്‍ ഫിഞ്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആര്‍സിബി നിരയില്‍ വലിയ മാറ്റം ഉണ്ടായേക്കും-ഗംഭീര്‍ പറഞ്ഞു.
നായകനെന്ന നിലയില്‍ കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളിയുണ്ട്. കിരീടം നേടുകയെന്നത് അവന് അനിവാര്യമായ കാര്യമാണ്. രോഹിത് ശര്‍മ നാല് തവണയും ധോണി മൂന്ന് തവണയും ഐപിഎല്‍ നേടിക്കഴിഞ്ഞു. അവസാന 8-9 വര്‍ഷമായി നായകനെന്ന നിലയില്‍ കോലി കളിക്കുന്നു. വലിയ സ്കോറുകള്‍ കോലി നേടിയിട്ടുണ്ട്. ഇത്തവണയും മികച്ച സ്കോര്‍ നേടിയേക്കാം. എന്നാല്‍ അവയേക്കാള്‍ പ്രധാനം ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും കിരീടം നേടുകയാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഏതൊര് ക്യാപ്റ്റനോടും 700 റണ്‍സ് നേടണോ കിരീടം നേടണമോയെന്ന് ചോദിച്ചാല്‍ കിരീടമെന്നേ പറയു. ഓപ്പണര്‍മാര്‍ക്ക് ശ്രമിച്ചാല്‍ 500-700 നുള്ളില്‍ റണ്‍സ് നേടാനാവും. എന്നാല്‍ കോലിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി കുറേ റണ്‍സ് നേടുക എന്നതിലുപരിയായി കിരീടം നേടുക എന്നതാണ്. ഇത്തവണ കിരീടം നേടുകയോ അല്ലെങ്കില്‍ പ്ലേ ഓഫിലെങ്കിലും കടക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇത്തവണ മികച്ച ടീം ആര്‍സിബിക്കുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ 2016ല്‍ ഫൈനല്‍ കളിച്ചതൊഴിച്ചാല്‍ വലിയ നേട്ടമൊന്നും ആര്‍സിബിയുടെ പട്ടികയിലില്ല. അതിനാല്‍ ഇത്തവണ ടീമിന് കിരീടം അഭിമാന പ്രശ്നമാണ്. കോലിക്കൊപ്പം എബി ഡിവില്ലിയേഴ്സ്,ആരോണ്‍ ഫിഞ്ച്,ശിവം ദുബെ തുടങ്ങിയവരാണ് ആര്‍സിബിക്ക് ബാറ്റിങ് കരുത്ത് പകരുന്നത്. ബൗളിങ്ങില്‍ ഡെയ്ല്‍ സ്റ്റെയിനിനൊപ്പം പേസ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസുമുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് യുസ്വേന്ദ്ര ചഹാലിനൊപ്പം ഓസീസ് സ്പിന്നര്‍ ആദം സാംബയേയും ആര്‍സിബി ടീമിലെത്തിച്ചിട്ടുണ്ട്.