അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ ആരാധകര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന വാര്‍ത്തയെത്തി. ഓസ്‌ട്രേലിയന്‍, ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന്റെ ആദ്യ മത്സരം മുതല്‍ ടീമിലുണ്ടാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജേക്ക് ലൂഷ് മാക്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയും തമ്മില്‍ ഐപിഎല്ലിന് മുന്നോടിയായി ഏകദിന പരമ്പര കളിക്കുന്നുണ്ട്.
സ്‌പെറ്റംബര്‍ നാലിന് ആരംഭിക്കുന്ന പരമ്പര 16നാണ് അവസാനിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ ഐപിഎല്ലിനെത്താന്‍ വൈകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. നേരത്തെയുള്ള ബിസിസി ഐയുടെ നിയമപ്രകാരം യുഎഇയിലെത്തിയാല്‍ താരങ്ങള്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതില്‍ ബിസിസിഐ ഇളവ് നല്‍കിയതിനാലാണ് ആദ്യ മത്സരം മുതല്‍ ഐപിഎല്ലില്‍ ഓസീസ് ഇംഗ്ലണ്ട് താരങ്ങളെ ലഭ്യമാകുന്നത്.

'ബിസിസി ഐയുടെ കോവിഡ് ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും താരങ്ങളെ ആദ്യ മത്സരം മുതല്‍ ലഭ്യമാകും. ഏത് സാഹചര്യത്തിലും മികച്ച പോരാട്ടം നടത്താനുള്ള ശക്തമായ ടീം രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്'-മാക്രം പറഞ്ഞു. ഐപിഎല്ലിന് മുമ്പായി ഇംഗ്ലണ്ടും-ഓസ്‌ട്രേലിയയും പരമ്പര കളിക്കുന്നത് ഗുണം ചെയ്യും. ഇതിലൂടെ പഴയ താളത്തിലേക്ക് വേഗത്തിലെത്താനും പൂര്‍ണ കായിക ക്ഷമത കൈവരിക്കാനും ഇത് ഉപകാരപ്പെടും.
യുഎഇയിലെ ഐപിഎല്ലില്‍ ഇവര്‍ തിളങ്ങുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല. അവസാന സീസണിലെ ഏഴാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. 14 മത്സരത്തില്‍ 5 എണ്ണം മാത്രമാണ് വിജയിച്ചത്. അതിനാല്‍ ഇത്തവണ ടീമില്‍ അടിമുടി മാറ്റം രാജസ്ഥാന്‍ വരുത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വിദേശ താരങ്ങളാണ് ടീമിന്റെ പ്രധാന കരുത്ത്. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ടീമിന്റെ നായകന്‍. ഇംഗ്ലണ്ടില്‍ നിന്ന് ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്ര ആര്‍ച്ചര്‍ എന്നിവരും രാജസ്ഥാനുവേണ്ടി കളിക്കുന്നുണ്ട്. ഇവര്‍ ടീമിന്റെ പ്രധാന താരങ്ങളുമാണ്. ആദ്യ മത്സരങ്ങളില്‍ ഇവരുടെ അഭാവം ടീമിനെ വളരെ പ്രതികൂലമായി ബാധിച്ചേനെ. എന്നാല്‍ ഇംഗ്ലണ്ട്,ഓസീസ് താരങ്ങള്‍ ആദ്യ മത്സരം മുതല്‍ കളിക്കുമെന്നത് എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ശുഭകരമായ വാര്‍ത്തയാണ്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളില്‍ നിന്നുള്ള ടി20യിലെ വെടിക്കെട്ട് വീരന്മാരെല്ലാം ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്.