ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസികളും സംഘാടകരും. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ ഐപിഎല്ലിനായുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഗസ്റ്റ് 22ന് ചെന്നൈ ടീം യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്നാണ് തീരുമാനമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു.

'കുടുംബത്തെ ടീമുകളോടൊപ്പം യുഎഇയിലേക്ക് കൊണ്ടുപോകാനാവില്ല. പിന്നീട് അവരെ കൊണ്ടുപോകാന്‍ സാധിക്കുമോയെന്ന് പിന്നീട് തീരുമാനിക്കും. അവിടുത്തെ കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഇക്കാര്യം'-കാശി വിശ്വനാഥന്‍ പറഞ്ഞു. നേരത്തെ ബിസിസി ഐ പുറത്തിറക്കിയ 16 പേജുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) പ്രകാരം കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് നല്‍കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് കുടുംബത്തിനുമുള്ളത്.
ഇതെല്ലാം കൃത്യമായി പാലിക്കാന്‍ തയ്യാറാകണം. കോവിഡ് പരിശോധനയ്ക്ക് പല തവണ വിധേയമാകണം. കൂടാതെ സാമൂഹിക അകലം പാലിക്കണം, മറ്റ് താരങ്ങളുടെ കുടുംബവുമായി ഇടപഴകാന്‍ പാടില്ല, കൈകള്‍ വൃത്തിയായി സൂക്ഷിക്കണം, ബയോ സെക്യൂരിറ്റിയില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല, മറ്റുള്ളവരുമായി ഭക്ഷണമോ പാനീയമോ പങ്കിടാന്‍ പാടില്ല തുടങ്ങിയ നിരവധി നിയമങ്ങളും ബിസിസി ഐ പുറത്തിറക്കിയ എസ്ഒപി പ്രകാരം പാലിക്കേണ്ടി വരും. ഇക്കാരണത്താലൊക്കെയാണ് ആദ്യ യാത്രയില്‍ കുടുംബങ്ങളെ ഉള്‍ക്കൊള്ളിക്കേണ്ടെന്ന് ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരങ്ങളിലെല്ലാം ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും കാണിയായി സ്‌റ്റേഡിയത്തില്‍ ഉണ്ടാവാറുണ്ട്. ഇവര്‍ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇത് ഇക്കുറി കാണാന്‍ സാധ്യത കുറവാണ്. കൊറോണ കുട്ടികളില്‍ വേഗത്തില്‍ ബാധിക്കുന്നതിനാല്‍ ചെറിയ കുട്ടികളെ പരമാവധി പുറത്തിറക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. യുഎഇയില്‍ താരതമ്യേനെ കോവിഡ് വ്യാപനം കുറവാണ്. നിലവില്‍ ചെന്നൈ താരങ്ങള്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് അഞ്ച് ദിവസത്തെ ക്യാംപ് ചെന്നൈയില്‍ നടത്താനും സിഎസ്‌കെ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.