അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിരവധി താരങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നാട്ടില്‍ നിന്ന് രണ്ട് പരിശോധന പൂര്‍ത്തിയാക്കി രോഗമില്ലെന്ന് ഉറപ്പായവരെ മാത്രമാണ് യുഎഇയിലേക്ക് എത്തിച്ചത്.
കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ യാത്രയില്‍ ഉടനീളം ഒരുക്കിയിരുന്നു. എന്നിട്ടും എവിടെ നിന്നാണ് രോഗ വ്യാപനം താരങ്ങളില്‍ ഉണ്ടായതെന്ന് ആര്‍ക്കും വ്യക്തമായിട്ടില്ല. രോഗം വ്യാപിച്ചതെവിടെനിന്ന് എന്നത് സംബന്ധിച്ച പല അഭ്യൂഹങ്ങളും പരക്കവെ സിഎസ്‌കെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരാളെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരിക്കുകയാണ്. നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നത് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതിനെ കാറ്റില്‍ പറത്തുന്ന അച്ചടക്ക ലംഘനമാണ് സിഎസ്‌കെ താരങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ദുബായിലെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇത്തരത്തില്‍ ഒരാളുമായി സിഎസ്‌കെ താരങ്ങള്‍ അടുത്തിടപഴകിയത്. കേദാര്‍ ജാദവാണ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. അദ്ദേഹവുമായി സാമൂഹിക അകലം പാലിക്കാതെ ബൗളിങ് പരിശീലകനായ ലക്ഷ്മീപതി ബാലാജിയും ഒപ്പമുണ്ടായിരുന്നു. അമ്പാട്ടി റായിഡുവും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. നിലവില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ട പേസ് ബൗളര്‍ ദീപക് ചാഹറിന് ഇദ്ദേഹം തൊടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാടെ അവഗണിക്കുന്ന നടപടിയാണ് സിഎസ്‌കെ താരങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്. നിലവിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് സിഎസ്‌കെ താരങ്ങള്‍ക്ക് പിടിച്ചത് എയര്‍പോര്‍ട്ടില്‍ കണ്ട വ്യക്തിയുമായുള്ള സമ്പര്‍ക്കം വഴിയാണ് എന്ന സംശയിക്കേണ്ടിയിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തെക്കുറിച്ച് ടീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുഎഇയിലെത്തി 7 ദിവസത്തെ ക്വാറന്റൈനിലായിരുന്നു ടീമുകളെല്ലാം. ഇതിനിടെ നടത്തിയ പരിശോധനയിലാണ് സിഎസ്‌കെ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 14 ദിവസത്തെ ക്വാറന്റെയ്‌നിലാണ് താരങ്ങളെല്ലാം. ടീമിലെ മറ്റുള്ളവര്‍ക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇവരെ 5 ദിവസം നിരീക്ഷിക്കും. രോഗ ലക്ഷണം കാണിക്കുകയാണെങ്കില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും.
വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ സീസണില്‍ അദ്ദേഹം ഉണ്ടാകില്ല. ഇതിനോടകം വിജയകരമായി ക്വാറന്റെയ്ന്‍ കാലാവധി പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍,പഞ്ചാബ് ടീമുകള്‍ ആദ്യ പരിശീലന സെക്ഷനും പൂര്‍ത്തിയാക്കിയിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിച്ചെന്ന് വ്യക്തമായാല്‍ ഐപിഎല്‍ മാറ്റിവെക്കേണ്ട അവസ്ഥവരെ ഉണ്ടായേക്കാം.