ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ ചാമ്പ്യന്മാരാണ് രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സ്. കരുത്തുറ്റ ബാറ്റിങ് നിരയും ബൗളിങ്ങ് നിരയുമായി സംതുലിതമായ ടീമാണ് മുംബൈയുടേത്. ഇത്തവണത്തെ താരലേലത്തില്‍ മുംബൈ ടീമിലെത്തിച്ച പ്രധാനപ്പെട്ടവരില്‍ ഒരാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ താരത്തെ മുംബൈ ടീമിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണത്തെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ ക്രിസ് ലിന്നിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ അടിസ്ഥാനത്തിലാണ് മഞ്ജരേക്കര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആശിഷ് നെഹ്‌റയ്‌ക്കൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രധാനപ്പെട്ട കാര്യം കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ലിന്നിന്റെ ഫോമാണ്. ഐപിഎല്ലിലും കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. സിപിഎല്ലില്‍ തിളങ്ങിയിരുന്നെങ്കില്‍ അവന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിലവിലെ ഫോം അവന് അവസരം ലഭിക്കാന്‍ ഒരു തടസമാകില്ല. കാരണം ഒറ്റ ഇന്നിങ്‌സുകൊണ്ട് ഫോം വീണ്ടെടുക്കാന്‍ കെല്‍പ്പുള്ളവനാണ് ലിന്‍'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ലിന്നിന്റൈ പ്രകടനത്തെ ആശിഷ് നെഹ്‌റയും വിലയിരുത്തി. സ്പിന്‍ ബൗളിങ്ങില്‍ ബുദ്ധിമുട്ടുന്ന ബാറ്റ്‌സ്മാനാണ് ലിന്‍ എന്നാണ് നെഹ്‌റ അഭിപ്രായപ്പെട്ടത്. 'ഐപിഎല്ലിലടക്കം നമ്മള്‍ കണ്ടിട്ടുള്ളതാണ് സ്പിന്‍ ബൗളര്‍മാര്‍ വരുമ്പോള്‍ അവന്‍ വളരെ ബുദ്ധിമുട്ടുന്നു. സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനൊപ്പം കുറേയധികം ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ റണ്‍സെടുക്കാന്‍ സാധിക്കുന്നില്ല'-നെഹ്‌റ പറഞ്ഞു. എന്നാല്‍ പരിചയസമ്പന്നനായ ഒരു താരം മികച്ച ടീമിനൊപ്പം പ്രവര്‍ത്തിച്ചാല്‍ ഏത് മോശം അവസ്ഥയില്‍ നിന്ന് പുറത്തുവരാനും സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.
അതിനാല്‍ത്തന്നെ ക്യാംപിലെത്തിയാല്‍ ലിന്‍ പഴയ ഫോമിലെത്തുമെന്ന പ്രതീക്ഷ മുംബൈയ്ക്കുണ്ട്. എന്നാല്‍ സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനങ്ങള്‍ ലിന്നിന് പ്രയാസമുണ്ടാക്കാന്‍ സാധ്യത കൂടുതലാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു. ക്വിന്റന്‍ ഡീകോക്കും ഇഷാന്‍ കിഷനും ടോപ് ഓഡറില്‍ കളിക്കാന്‍ ഉള്ളതിനാല്‍ ലിന്നിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മഞ്ജരേക്കറും വിലയിരുത്തി. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.