അബൂദബി: കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ മറ്റൊരു ഐപിഎല്‍ സീസണുകൂടി കളമൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10വരെ നടക്കുന്ന ഐപിഎല്ലിലെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് കഴിഞ്ഞിടെ വിവോ പിന്മാറിയിരുന്നു. വിവോ കളം ഒഴിഞ്ഞതോടെ മുഖ്യ സ്‌പോണ്‍സര്‍മാരാകാന്‍ നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഓണ്‍ലൈന്‍ വിപണനക്കാരാനായ ആമസോണാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തൊട്ടുപിന്നാലെ അണ്‍അക്കാദമി,മൈസര്‍ക്കിള്‍ 11 എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. നിലവിലെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ ബൈജൂസും ഐപിഎല്‍ സ്‌പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഉടന്‍ തന്നെ മുഖ്യ സ്‌പോണ്‍സര്‍മാരെ തിരഞ്ഞെടുക്കേണ്ടത് ബിസിസി ഐക്ക് അത്യാവശ്യമാണ്. കാരണം ഐപിഎല്‍ ആരംഭിക്കാന്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് മുന്നിലുള്ളത്. അതിനാല്‍ സാമ്പത്തിക കാര്യങ്ങളൊക്കെ പരിഗണിച്ച് മുഖ്യ സ്‌പോണ്‍സറെ കണ്ടെത്തി കരാറിലെത്തേണ്ടതുണ്ട്.

ഇത്തവണ നിരവധി പ്രതിസന്ധികള്‍ക്കിടയിലൂടെ ഐപിഎല്‍ നടത്താനൊരുങ്ങുന്ന ബിസിസി ഐക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതാണ് പുതിയ സ്‌പോണ്‍സറെ കണ്ടെത്തല്‍. ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൈനീസ് ഉള്‍പ്പന്നങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കുമടക്കം ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി വിവോയെ നിലനിര്‍ത്താന്‍ ബിസിസി ഐ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ത്യയുടെ 20 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ചൈനയുടെ 40 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യം ചൈനയ്‌ക്കെതിരേ ഇത്രയും കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ബിസിസി ഐ വിവോയെ നിലനിര്‍ത്തിയ നിലപാട് ശരിയല്ലെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ ഈ സീസണിലെ ഐപിഎല്ലില്‍ നിന്ന് വിവോയെ മാറ്റി നിര്‍ത്തുകയായിരുന്നു.
നിലവില്‍ അഞ്ച് വര്‍ഷ കരാറുള്ളതിനാല്‍ അടുത്ത വര്‍ഷം സ്‌പോണ്‍സര്‍മാരായി വിവോ തന്നെ മടങ്ങിയെത്തും. കോവിഡിനെത്തുടര്‍ന്ന് താരങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് ബിസിസി ഐ സ്വീകരിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് യുഎഇയിലെത്തിയാല്‍ 6 ദിവസത്തെ ക്വാറന്റൈനും അനുവദിക്കും. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പാലിച്ചാവും ഇത്തവണത്തെ ഐപിഎല്‍ നടക്കുക. താരങ്ങളെല്ലാം ഈ മാസം 20ന് ശേഷം യുഎഇയിലെത്തുമെന്നാണ് നിലവിലെ വിവരം.