ബെംഗളൂരു: ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജരെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ കായിക ലോകം. 'ശാസ്ത്രത്തില്‍ പരാജയം എന്നതൊന്നില്ല. രാപ്പകലില്ലാതെ ചന്ദ്രയാന്‍ 2 ദൗത്യത്തിനായി കഠിനാധ്വാനം നടത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ക്ക് ആദരം. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു,' ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു.
'സ്വപ്‌നം പൂര്‍ത്തീകരിച്ചില്ല, എന്നാല്‍ ആത്മവിശ്വാസം കെട്ടടങ്ങിയിട്ടുമില്ല. ഇപ്പോഴുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഐസ്ആര്‍ഒയ്ക്ക് കഴിയും. നമ്മള്‍ വിജയം കാണും' — വിരേന്ദര്‍ സെവാഗ് രേഖപ്പെടുത്തി. ചന്ദ്രയാന്‍ 2 ദൗത്യത്തെ കുറിച്ചും ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജരെ കുറിച്ചും രാജ്യം ഒന്നടങ്കം അഭിമാനിക്കുകയാണെന്ന് ഗുസ്തി താരം ഗീതാ ഫോഗട്ട് അഭിപ്രായപ്പെട്ടു.
ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, ശിഖര്‍ ധവാന്‍, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ താരങ്ങളും ചന്ദ്രയാന്‍ 2 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രഞ്ജരുടെ അര്‍പ്പബോധത്തെ പ്രശംസിച്ച് രംഗത്തെത്തി.

ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ 2 -ലെ ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായി ഐസ്ആര്‍ഒയ്ക്ക് ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.
ചന്ദ്രനില്‍ നിന്നും 2.1 അകലെ വെച്ചാണ് വിക്രം ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായത്. നിലവില്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി വിജയിച്ചിരുന്നെങ്കില്‍ ഈ ചരിത്ര നേട്ടം കുറിക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. എന്തായാലും ചാന്ദ്ര ദൗത്യം ഇന്ത്യ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.