കരുത്തോടെ പഞ്ചാബ് മുംബൈ മടയില്‍; ഈ പഞ്ചാബിനെ രോഹിതും സംഘവും പേടിക്കണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 24ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ഓള്‍റൗണ്ട് മികവുള്ള രണ്ട് ടീമുകള്‍ പരസ്പരം പോരടിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്നത് പ്രവചാനതീതം. മുന്‍ കണക്കുകളില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈയ്ക്ക് ആധിപത്യമുണ്ടെങ്കിലും നിലവിലെ ഫോമില്‍ പഞ്ചാബിനെ വീഴ്ത്തുക അത്ര എളുപ്പമാവില്ല. രവിചന്ദ്ര അശ്വിനും മുജീബുര്‍ റഹ്മാനും അണിനിരക്കുന്ന പഞ്ചാബിന്റെ സ്പിന്‍ നിര ഒരുക്കുന്ന കെണിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അടിതെറ്റിയത് മുംബൈ ഇന്ത്യന്‍സിന് പാഠമാണ്. മോശം ഫോമിലായിരുന്ന പഞ്ചാബ് ബാറ്റിങ് നിരയും താളം കണ്ടെത്തിക്കഴിഞ്ഞു.
അവസാന സീസണില്‍ പഞ്ചാബിനുവേണ്ടി തകര്‍ത്തടിച്ച കെ.എല്‍ രാഹുലിന് താളം കണ്ടെത്താന്‍ കഴിയാതിരുന്നത് ആദ്യ മത്സരങ്ങളില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ കരുത്തരായ ഹൈദരാബാദിനെതിരേ അവസരത്തിനൊത്ത് ഉയര്‍ന്ന രാഹുലിന്റെ പ്രകടനമാണ് ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ആറ് മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് രണ്ട് തോല്‍വിയും നാല് ജയവുമടക്കം എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് സമനിലയും വഴങ്ങിയ മുംബൈ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. തട്ടകത്തില്‍ പഞ്ചാബിനെ വീഴ്ത്തി ആദ്യ നാലിലേക്കുയരാനാവും മുംബൈ ലക്ഷ്യമിടുന്നത്.

പഞ്ചാബ് ഡബിള്‍ സ്‌ട്രോങ്ങാണ്
അശ്വിന്റെ നായകത്വത്തിന് കീഴില്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമാണ് പഞ്ചാബ് പുറത്തെടുക്കുന്നത്. ക്രിസ് ഗെയ്ല്‍ എന്ന വന്‍മരം ഓപ്പണിങ്ങില്‍ ശോഭിച്ചാല്‍ മുംബൈയ്ക്കത് കടുത്ത വെല്ലുവിളിയാവും. രാഹുലും ബാറ്റിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. ആറ് മത്സരത്തില്‍ നിന്ന് 54.25 ശരാശരിയില്‍ 217 റണ്‍സുമായി രാഹുല്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂന്നാമനായി ക്രീസിലെത്തുന്ന മായങ്ക് അഗര്‍വാളും അവസരം മുതലാക്കുന്നുണ്ട്. ആറ് മത്സരത്തില്‍ നിന്ന് 30.66 ശരാശരിയില്‍ 184 റണ്‍സാണ് മായങ്ക് നേടിയത്. ബംഗളൂരുവിന് വേണ്ടി കളിക്കവെ ഫിനിഷന്‍ റോളില്‍ ഒതുങ്ങിയിരുന്ന സര്‍ഫറാസ് ഖാനെ മദ്ധ്യനിരയില്‍ പഞ്ചാബ് നന്നായി മുതലാക്കി.
ലഭിച്ച അവസരങ്ങളില്‍ കരുത്തോടെ ബാറ്റ് വീശിയ സര്‍ഫറാസ് നാല് ഇന്നിങ്‌സുകളില്‍ നിന്ന് 55 ശരാശരിയില്‍ 165 റണ്‍സാണ് നേടിയത്. ക്രിസ് ഗെയ്ല്‍ അഞ്ച് മത്സരത്തില്‍ നിന്ന് 160 റണ്‍സും നേടിയിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഡേവിഡ് മില്ലറില്‍ നിന്ന്് വെടിക്കെട്ട് പ്രകടനം പഞ്ചാബ് പ്രതീക്ഷിക്കുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 41.33 ശരാശരിയില്‍ 124 റണ്‍സുമായി തരക്കേടില്ലാതെ മില്ലര്‍ കളിക്കുന്നുണ്ട്.

പേസ് നിരയും സൂപ്പര്‍
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയ്ക്ക് ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കുറാന്‍ കരുത്തുപകരുന്നു. അതിവേഗത്തില്‍ പന്തെറിയുന്ന അങ്കിത് രജപുതും മികവുകാട്ടുന്നു. ഹൈദരാബാദിനെതിരേ ആദ്യ പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ശ്രദ്ധേയ പ്രകടനമാണ് പഞ്ചാബ് പേസര്‍മാര്‍ കാഴ്ചവച്ചത്.ഇതേ മികവ് ആവര്‍ത്തിച്ചാല്‍ മുംബൈയ്ക്കത് കടുത്ത വെല്ലുവിളിയാവും

ബാറ്റിങ്ങില്‍ സ്ഥിരതയില്ല
ഹൈദരാബാദിനെതിരേ വിജയിച്ചെങ്കിലും ബാറ്റിങ് നിരയ്ക്ക് സ്ഥിരയില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-ക്വിന്റന്‍ ഡി കോക്ക് കൂട്ടുകെട്ടിനെ ശരാശരി പ്രകടനത്തിന് മുകളിലേക്ക് ഉയരാനാവുന്നില്ല. സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് കൂടുതല്‍ പക്വത കാട്ടേണ്ടിയിരിക്കുന്നു. ഹൈദരാബാദിനെതിരെ യുവരാജിനെ പുറത്തിരുത്തി ഇഷാന്‍ കിഷന് മുംബൈ അവസരം നല്‍കിയിരുന്നു. പഞ്ചാബിനെതിരെയും ഇഷാനെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് വിവരം. ക്രുണാല്‍ ബാറ്റുകൊണ്ട് തിളങ്ങുമ്പോള്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന പൊള്ളാര്‍ഡും ഹര്‍ദികും എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കും.

ജോസഫ് ഷോ വീണ്ടും ആവര്‍ത്തിക്കുമോ
അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഐ.പി.എല്ലിലെ മികച്ച ബൗളിങ് പ്രകടനം സ്വന്തം പേരിലാക്കിയ അല്‍സാരി ജോസഫിന്‍ മുംബൈ ഇന്നും പ്രതീക്ഷ വയ്ക്കുന്നു. ഡെത്ത് ഓവറില്‍ ബാറ്റ്‌സ്മാന്‍മാരെ കാഴ്ചക്കാരാക്കുന്ന ബൂംറ മാജിക്കും മുംബൈയുടെ വിജയപ്രതീക്ഷകളെ സജീവമാക്കുന്നു. ഓസീസ് പേസര്‍ ബെഹറന്‍ഡോര്‍ഫ് ആദ്യ ഓവറുകളില്‍ മികച്ച് ബൗളിങ്ങാണ് പുറത്തെടുക്കുന്നത്. മദ്ധ്യഓവറുകളില്‍ പാണ്ഡ്യ സഹോദരങ്ങള്‍ പന്തുകൊണ്ട് കളി നിയന്ത്രിക്കുന്നു. ക്രുണാലും ഹര്‍ദികും അവസാന മത്സരങ്ങളിലെല്ലാം തരക്കേടില്ലാത്ത ബൗളിങ്ങാണ് കാഴ്ചവെച്ചത്. യുവ സ്പിന്നര്‍ രാഹുല്‍ ചാഹറും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

മുംബൈയ്ക്ക് നേരിയ മുന്‍തൂക്കം
ഇതുവരെ 23 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 തവണ മുംബൈയും 11 തവണ പഞ്ചാബും ജയിച്ചു. മുംബൈയില്‍ എട്ട് തവണ മുഖാമുഖം എത്തിയപ്പോള്‍ നാല് തവണ വീതം ഇരു കൂട്ടരും ജയം പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications