ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കൊല്‍ക്കത്ത; എതിരാളി മുംബൈ
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണില്‍ ഗംഭീരമായി തുടങ്ങിയ കൊല്‍ക്കത്ത ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ടടിക്കപ്പെടുന്നതായാണ് കണ്ടത്. ആന്‍ഡ്രേ റസലിന്റെ ഒറ്റയാള്‍ പ്രകടനം നിറം മങ്ങിത്തുടങ്ങിയതോടെ ടീമും നിറം മങ്ങി. ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതില്‍ കൊല്‍ക്കത്ത പരാജയപ്പെടുന്നു. ടീമില്‍ അടിക്കടി നടത്തുന്ന അഴിച്ചുപണിയും ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമും കൊല്‍ക്കത്തയെ പിന്നോട്ടടിക്കുന്നു. മോശം ഫോമിലുണ്ടായിരുന്ന കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ തിരിച്ചുവരവ് അറിയിച്ചെങ്കിലും മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത.
11 മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഏഴ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്. ഇനിയൊരു മത്സരം കൂടി തോറ്റാല്‍ പ്ലേ ഓഫില്‍ കടക്കുക കൊല്‍ക്കത്തയ്ക്ക് അസാധ്യമാകും. ടീമുകള്‍ തമ്മില്‍ ചെറിയ പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതിനാല്‍ ഇനിയുള്ള ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണ്ണായകമാണ്. 11 കളിയില്‍ ഏഴ് ജയവും നാല് തോല്‍വിയുമടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മുംബൈ തുടര്‍ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനുറച്ചാവും കൊല്‍ക്കത്തയില്‍ പാഡണിയുക.

ക്രിസ് ലിന്നിന്റെയും സുനില്‍ നരെയ്‌ന്റെയും
ഓപ്പണര്‍മാരായ ക്രിസ് ലിന്നിന്റെയും സുനില്‍ നരെയ്‌ന്റെയും ആദ്യ പവര്‍പ്ലേയിലെ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ കൊല്‍ക്കത്തയുടെ റണ്‍നിരക്ക് കുത്തനെ ഇടിയുന്നു. ഈ സീസണില്‍ ഇരുവര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.റോബിന്‍ ഉത്തപ്പ,നിധീഷ് റാണ,ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഒറ്റപ്പെട്ട ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും സ്ഥിരതയില്ല. നരെയ്‌നെ ഓപ്പണിങ്ങില്‍ നിന്ന് മദ്ധ്യനിരയിലേക്ക് മാറ്റിയും ഗില്ലിനെ ടോപ് ഓഡറില്‍ എത്തിച്ചും കൊല്‍ക്കത്ത നടത്തിയ പരീക്ഷണങ്ങളെല്ലാം ടീമിന് തിരിച്ചടിയാവുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്.

ബൗളിങ് നിരയ്ക്കും മികവില്ല
ബൗളിങ് നിരയ്ക്കും മികവില്ല.കുല്‍ദീപ് യാദവ്,പീയൂഷ് ചൗള,സുനില്‍ നരെയ്ന്‍ എന്നീ മൂന്ന് സ്പിന്‍ബൗളര്‍മാരിലായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷ. എന്നാല്‍ ഇവരെല്ലാം നിരാശപ്പെടുത്തി. മോശം ഫോമിലുള്ള കുല്‍ദീപിന് അവസാന മത്സരങ്ങളിലൊന്നും ടീമില്‍ ഇടം പോലും ലഭിച്ചില്ല.ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയും ലോക്കി ഫെര്‍ഗൂസനുമെല്ലാം പരാജയമായതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

ഉജ്ജ്വല ഫോമിലാണ് മുംബൈയുടെ വരവ്
ഉജ്ജ്വല ഫോമിലാണ് മുംബൈയുടെ വരവ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചാണ് മുംബൈയുടെ വരവ്. ബാറ്റിങ് നിരയുടെ മിന്നും പ്രകടനത്തോടൊപ്പം ബൗളിങ് നിരയും ശോഭിക്കുന്നു. ജസ്പ്രീത് ബൂംറ, ലസിത് മലിംഗ എന്നിവരുടെ പേസ് ബൗളിങ്ങാണ് മുംബൈയുടെ കരുത്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയതോടെ മുംബൈ വിജയക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications