മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബും ഡല്‍ഹിയും; പോരാട്ടം കടുക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ആദ്യ നാലില്‍ സീറ്റുറപ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണെന്നിരിക്കെ പോരാട്ടം കടുക്കും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അശ്വിനും സംഘവും പുറത്തെടുക്കുന്നത്. താരങ്ങളുടെ മികവിനെ കൃത്യമായി ഉപയോഗിക്കുന്നതില്‍ അശ്വിനെന്ന ക്യാപ്റ്റന്റെ മികവാണ് പഞ്ചാബിന്റെ വിജയതന്ത്രം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങുന്നത് പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന കെ.എല്‍ രാഹുല്‍ ഫോം കണ്ടെത്തിക്കഴിഞ്ഞു. ക്രിസ് ഗെയ്ല്‍ വെടിക്കെട്ട് തീര്‍ക്കുന്നതും പഞ്ചാബിന്റെ വിജയ സാധ്യതകളെ സജീവമാക്കുന്നു.
മറുവശത്ത് ഡല്‍ഹിയുടെ യുവനിരക്ക് സ്ഥിരതയില്ല. സാഹചര്യത്തിനൊത്ത് ഉയരുന്നതിലും മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിലും ഡല്‍ഹി നിര പരാജയപ്പെടുന്നു. മികച്ച ബൗളിങ് നിരയാണ് ഡല്‍ഹിയെ മുന്നോട്ട് നയിക്കുന്നത്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് ഡല്‍ഹി.രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ഒമ്പത് മത്സരത്തില്‍ അഞ്ച് ജയവും നാല് തോല്‍വിയുമടക്കം 10 പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തും തുല്യ പോയിന്റോടെ പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. ടീമുകള്‍ തമ്മില്‍ ചെറിയ പോയിന്റ് വ്യത്യസം മാത്രമാണുള്ളത് എന്നതില്‍ ജയിക്കേണ്ടത് ഇരു കൂട്ടര്‍ക്കും അത്യാവശ്യമാണ്.

കരുത്തോടെ പഞ്ചാബ്
ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിന്റെ ജയം പഞ്ചാബിനായിരുന്നു. ഈ ജയം ആവര്‍ത്തിക്കാന്‍ പഞ്ചാബ് ലക്ഷ്യം ഇടുമ്പോള്‍ പകരം വീട്ടാനുറച്ചാവും ഡല്‍ഹിയുടെ വരവ്. ബാറ്റ്‌സ്മാന്‍മാര്‍ മിന്നും ഫോമിലാണ്. ഓപ്പണിങ്ങില്‍ ഗെയില്‍ തല്ലിത്തകര്‍ക്കുമ്പോള്‍ രാഹുല്‍ അവസരത്തിനൊത്ത് ബാറ്റുവീശുന്നു. മൂന്നാം നമ്പറില്‍ മായങ്ക് അഗര്‍വാളും മോശം ആക്കുന്നില്ല. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍ മദ്ധ്യനിരയ്ക്ക് കരുത്ത് പകരുമ്പോള്‍ മന്ദീപ് സിങിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. നിക്കോളാസ് പുരാന് അവസാന മത്സരത്തില്‍ അവസരം നല്‍കിയെങ്കിലും ശോഭിക്കാനായില്ല.

സ്പിന്‍ ബൗളിങ്ങാണ് പഞ്ചാബിന്റെ ശക്തി
രാജസ്ഥാനെതിരായ മത്സരത്തില്‍ അവസരം നല്‍കിയ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ് തിളങ്ങിയിരുന്നു. മുഹമ്മദ് ഷമിയും പേസ് ബൗളിങ്ങില്‍ മിടുക്ക് കാട്ടുന്നു. സ്പിന്‍ ബൗളിങ്ങാണ് പഞ്ചാബിന്റെ ശക്തി.രവിചന്ദ്ര അശ്വിന്‍ സ്പിന്‍കെണി ഒരുക്കുമ്പോള്‍ മുജീബുര്‍ റഹ്മാനും മുരുഗന്‍ അശ്വിനും മികച്ച പിന്തുണ നല്‍കുന്നു.

ബൗളിങ് കരുത്തില്‍ ഡല്‍ഹി
കഗിസോ റബാദയുടെ പേസ് ബൗളിങ്ങാണ് ഡല്‍ഹിയുടെ കരുത്ത്. എതിരാളികളെ അതിവേഗ യോര്‍ക്കറുകളിലൂടെ വെള്ളം കുടിപ്പിക്കുന്ന റബാദ 19വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുണ്ട്. ആദ്യ ഓവറുകളില്‍ സ്വിങ് ബൗളിങ്ങുമായി ഇഷാന്ത് ശര്‍മ എതിരാളികളെ വിറപ്പിക്കുന്നു. ക്രിസ് മോറിസിന്റെ പേസ് ബൗളിങ്ങും ടീമിന് മുതല്‍ക്കൂട്ടാണ്. പരിചയസമ്പന്നനായ സ്പിന്നര്‍ അമിത് മിശ്രയുടെ ബൗളിങും ഡല്‍ഹിയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു. അക്ഷര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവും ടീമിന് ശക്തിപകരുന്നു.

ബാറ്റിങ് നിരയാണ് തലവേദന
ബാറ്റിങ് നിരയാണ് തലവേദന. ശിഖര്‍ ധവാന്‍-പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മദ്ധ്യനിരയില്‍ പിഴക്കുന്നു. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,കോളിന്‍ ഇന്‍ഗ്രാം തുടങ്ങിയവരൊക്കെ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു. മദ്ധ്യനിരയില്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ക്രിസ് മോറിസിന് മികവിനൊത്ത് ഉയരാന്‍ സാധിക്കാത്തത് ടീമിനെ ബാധിക്കുന്നുണ്ട്.

കണക്കില്‍ പഞ്ചാബ്
ഇതുവരെ 23 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 തവണയും ജയം പഞ്ചാബിനായിരുന്നു. ഒമ്പത് തവണ ഡല്‍ഹിയും ജയിച്ചു.ഡല്‍ഹിയില്‍ 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് ജയം വീതം പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications