ഐ.പി.എല്‍: കലാശപ്പോരില്‍ മുംബൈയുടെ എതിരാളി ആര്? ക്വാളിഫയറില്‍ ചെന്നൈയും ഡല്‍ഹിയും മുഖാമുഖം
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. പരിചയസമ്പന്നരായ ചെന്നൈയ്ക്ക് കണക്കുകളില്‍ മുന്‍തൂക്കം ലഭിക്കുമ്പോള്‍ നിലവിലെ ഫോം ഡല്‍ഹിക്ക് അനുകൂലമാണ്. നിര്‍ണ്ണായകമായ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ചെന്നൈയ്‌ക്കെതിരേ ഇറങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ പരാജയപ്പെട്ടു.
ബാറ്റിങ് നിരയുടെ മോശം ഫോമും പരിക്കും ചെന്നൈയെ പിന്നോട്ടടിക്കുമ്പോള്‍ യുവനിരയുടെ ഉജ്ജ്വല ഫോമിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി എത്തുന്നത്. റിക്കി പോണ്ടിങ്,സൗരവ് ഗാംഗുലി എന്നീ രണ്ട് മഹാരഥന്മാര്‍ തന്ത്രം മെനയുന്ന ഡല്‍ഹി ചെന്നൈയുടെ നാലാം കിരീട മോഹത്തെ തകര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണണം. ചെന്നൈയുടെ സീനിയര്‍ നിര ഇനിയും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തലകുനിച്ച് മടങ്ങേണ്ടി വരും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം.

ചെന്നൈക്ക് ബാറ്റിങ് തലവേദനം
ബാറ്റിങ് നിരയുടെ മോശം ഫോമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്നോട്ടടിക്കുന്നത്. ഈ സീസണില്‍ പതിവുപോലെ ഗംഭീരമായി തുടങ്ങാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ലെങ്കിലും മത്സരം പുരോഗമിക്കവെ പിന്നോട്ടടിക്കപ്പെട്ടു. പരിക്ക് സീസണില്‍ ടീമിനെ നന്നായി ബാധിച്ചു. ഡ്വെയ്ന്‍ ബ്രാവോ പരിക്കിന് ശേഷം തിരിച്ചെത്തിയെങ്കിലും മികവു കാട്ടാന്‍ സാധിച്ചിട്ടില്ല. മദ്ധ്യനിരയില്‍ പരിക്കേറ്റ് കേദാര്‍ ജാദവ് മടങ്ങിയതും ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിടുന്നു.
ഓപ്പണര്‍മാരുടെ മോശം ഫോമാണ് ടീമിന്റെ പ്രധാന പ്രശ്‌നം. സീനിയര്‍ താരം ഷെയ്ന്‍ വാട്‌സണ്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. അടിച്ചുതകര്‍ക്കണ്ട ആദ്യ പവര്‍പ്ലേയില്‍ വാട്‌സണിന്റെ മെല്ലെപ്പോക്ക് ടീം സ്‌കോറിനെ ബാധിക്കുന്നു. ആദ്യ ആറ് ഓവറില്‍ വിക്കറ്റ് പോകാതെ കാക്കാന്‍ ചെന്നൈയ്ക്ക് സാധിക്കുന്നില്ല. ഇത് മദ്ധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുന്നു. സുരേഷ് റെയ്‌ന ടോപ് ഓഡറില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. എം.എസ് ധോണിയുടെ പ്രകടനമാണ് ടീമിന്റെ അടിത്തറ. ഈ സീസണിലെ ചെന്നൈയുടെ ടോപ് സ്‌കോററും ധോണിയാണ്. ജഡേജയും ബ്രാവോയും ബാറ്റുകൊണ്ട് മികവുകാട്ടേണ്ടത് ടീമിന് അത്യാവശ്യമാണ്. ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറും ജഡേജയും സ്പിന്നില്‍ മികവുകാട്ടുമ്പോള്‍ ദീപക് ചാഹറിന്റെ പേസ് ബൗളിങും ടീമിന് ശക്തി പകരുന്നു.

പന്തടിച്ച് പറത്താന്‍ റിഷഭ്
റിഷഭ് പന്തിന്റെ ബാറ്റിങ് വെടിക്കെട്ടിലാവും ഡല്‍ഹിയുടെ പ്രതീക്ഷ. അവസാന രണ്ടുമത്സരങ്ങളിലും ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് റിഷഭിന്റെ പ്രകടനമായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനുള്ള താരത്തിന്റെ കഴിവ് ചെന്നൈയ്‌ക്കെതിരെയും ഫലം കണ്ടാല്‍ തടുത്തിടാന്‍ ചെന്നൈ ബൗളര്‍മാര്‍ പാടുപെടും. ഓപ്പണര്‍മാരുടെ പ്രകടനത്തിലും ടീം പ്രതീക്ഷ വയ്ക്കുന്നു. പൃഥ്വി ഷാ,ശിഖര്‍ ധവാന്‍ എന്നിവര്‍ മികച്ച ഫോമിലാണ്. എലിമിനേറ്ററില്‍ അര്‍ദ്ധ സെഞ്ച്വറി നേടി പൃഥ്വി തിളങ്ങിയിരുന്നു. ശ്രേയസ് അയ്യര്‍,കോളിന്‍ മണ്‍റോ,ഇന്‍ഗ്രാം എന്നിവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. അക്‌സര്‍ പട്ടേല്‍,കീമോ പോള്‍,റൂതര്‍ഫോര്‍ഡ് എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനത്തിലും ടീം പ്രതീക്ഷവെക്കുന്നു. ഇഷാന്ത് ശര്‍മ ഫാസ്റ്റ് ബൗളില്‍ തിളങ്ങുമ്പോള്‍ അമിത് മിശ്ര സ്പിന്‍ ബൗളിങ്ങിലും ശോഭിക്കുന്നു.

കണക്കില്‍ ചെന്നൈ കേമന്‍
ഇതുവരെ 20 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 14 തവണയും ചെന്നൈ ജയിച്ചപ്പോള്‍ ആറ് തവണ മാത്രമാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications