ഇന്നെങ്കിലും ജയിക്കുമോ? പ്രതീക്ഷയറ്റ് ബംഗളൂരു ഇന്ന് ഡല്‍ഹിക്കെതിരേ
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 20ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. ആദ്യ അഞ്ച് മത്സരവും തോറ്റ ബംഗളൂരു ആദ്യ ജയ പ്രതീക്ഷയില്‍ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ ഡല്‍ഹിക്കും ജയം അനിവാര്യമാണ്. അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്താണ്.ആരാധക പ്രതിഷേധം കൂടുതല്‍ ശക്തമാകവെ ഇനിയും തോല്‍വി തുടര്‍ന്നാല്‍ ക്യാപ്റ്റനായി കോലിക്ക് തുടരാനാവില്ല. ബാറ്റിങ് നിര മികവുകാട്ടുമ്പോഴും സ്ഥിരതയില്ലാത്ത ബൗളിങ്ങാണ് ബംഗളൂരുവിനെ പ്രതിസന്ധിയിലാക്കുന്നത്. എല്ലാ സീസണിലും ബാറ്റിങ് കരുത്ത് മാത്രം നോക്കി ടീമിനെ ഇറക്കുന്ന ബംഗളൂരു ഇത്തവണയും ആ പിഴവ് ആവര്‍ത്തിച്ചതായി ഈ സീസണിന്റെ തുടക്കത്തിലെ തന്നെ ആരാധകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇത് ശരിവെക്കുന്ന തരത്തിലാണ് ബംഗളൂരു ബൗളര്‍മാരുടെ പ്രകടനം. ട്വന്റി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഒരു ബൗളര്‍പ്പോലും ബംഗളൂരു നിരയിലില്ല. പരിചയസമ്പന്നനായ ടിം സൗത്തിയുടെ കൊല്‍ക്കത്തയ്‌ക്കെതിരായ പ്രകടനം വന്‍ പരാജയമായിരുന്നു. ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നിവരും തല്ലുവാങ്ങിക്കൂട്ടാന്‍ ഒരു മടിയുമില്ലാത്തവരാണ്. ഈ പരിമിതികളെ മറികടന്ന് ആശ്വാസ ജയം നേടാന്‍ ബംഗളൂരുവിന് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. മറുവശത്തുള്ള ഡല്‍ഹിക്ക് സീസണിന്റെ തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ബൗളിങ് നിര തിളങ്ങുമ്പോഴും ബാറ്റിങ് നിര തുടര്‍ച്ചയായി പരാജയപ്പെടുന്നു. വമ്പന്‍ അടിക്കാരെല്ലാം നിരുത്തരവാദിത്ത പരമായി ബാറ്റുവീശുന്നതാണ് ഡല്‍ഹിക്ക് തിരിച്ചടിയാവുന്നത്.വൈകീട്ട് നാല് മണിക്കാണ് മത്സരം.

ജയിക്കാന്‍ ഇനിയും എന്തു ചെയ്യണം
ആദ്യ മത്സരങ്ങളില്‍ ബാറ്റിങ് നിര ഫോം കണ്ടെത്താത്തതായിരുന്നു ബംഗളൂരുവിന്റെ പ്രശ്‌നം. എന്നാല്‍ ബാറ്റിങ് നിര ഫോമിലേക്കെത്തിയപ്പോള്‍ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ബംഗളൂരു ആദ്യ ജയം സ്വപ്‌നംകണ്ടെങ്കിലും ആന്‍ഡ്ര റസലിന്റെ വെടിക്കെട്ട് ബാറ്റിങിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇന്നത്തെ മത്സരംകൂടി കൈവിട്ടാല്‍ ഈ സീസണിലും ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും. ടീമിന്റെ ബാറ്റിങ് നിര താളം കണ്ടെത്തിയത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. ഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേലിനൊപ്പം വിരാട് കോലിയും ഫോം കണ്ടെത്തിക്കഴിഞ്ഞു.

പ്രതീക്ഷയിലാണ് ബംഗളൂരുവുള്ളത്
കൊല്‍ക്കത്തയ്‌ക്കെതിരേ ക്ലാസ് ബാറ്റിങാണ് കോലി പുറത്തെടുത്തത്. ബംഗളൂരുവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എ.ബി ഡിവില്ലിയേഴ്‌സിനും അവസാന മത്സരത്തില്‍ സാധിച്ചിരുന്നു. മദ്ധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ മടങ്ങിവരവ് ടീമിന് കരുത്താകുന്നു. അവസാന രണ്ട് മത്സരങ്ങളിലും അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തുന്നതില്‍ സ്‌റ്റോയിനിസ് മിടുക്ക് കാട്ടി.മോയിന്‍ അലിയും മദ്ധ്യനിരയില്‍ തിളങ്ങുന്നുണ്ട്. ബംഗളൂരുവിന്റെ അവസാന പ്രതീക്ഷയായി ഓസീസിന്റെ നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ കോള്‍ട്ടര്‍ നെയ്‌ലിനെ ടീമിലെത്തിച്ച് ബൗളിങ് നിരയുടെ പോരായ്മയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബംഗളൂരുവുള്ളത്.

ഡല്‍ഹിക്ക് പിഴക്കുന്നതെവിടെ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ച മികവ് പിന്നീട് ആവര്‍ത്തിക്കാന്‍ ഡല്‍ഹിക്കായില്ല. അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരേ നാണംകെട്ട തോല്‍വിയാണ് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ വഴങ്ങിയത്. മികച്ച യുവനിരയുണ്ടായിട്ടും സ്ഥിരത കാട്ടാന്‍ കഴിയാത്ത ഡല്‍ഹി ഇന്നത്തെ ജയത്തോടെ ആദ്യ നാലിലേക്ക് ഉയരാനാവും ലക്ഷ്യമിടുന്നത്. പൃഥ്വിവ് ഷായ്ക്ക് ഓപ്പണിങ്ങില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനാവുന്നില്ല. പരിചയസമ്പന്നായ ശിഖര്‍ ധവാന്‍ റണ്‍നിരക്കുയര്‍ത്തുന്നതിലും പരാജയപ്പെടുന്നു. മദ്ധ്യനിരയില്‍ റിഷഭ് പന്തിനും തിളങ്ങാന്‍ കഴിയുന്നില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഭേദപ്പെട്ട ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. കോളിന്‍ ഇന്‍ഗ്രാം,ക്രിസ് മോറിസ് എന്നിവരില്‍ നിന്നും ഇനിയും ഏറെ ടീം പ്രതീക്ഷിക്കുന്നു.കഗിസോ റബാദ, ഇഷാന്ത് ശര്‍മ,ക്രിസ് മോറിസ് എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയിലാണ് ഡല്‍ഹിയുടൈ പ്രതീക്ഷകള്‍. ബംഗളൂരുവിന്റെ ബാറ്റിങ് നിരയും ഡല്‍ഹിയുടെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുക.

കണക്കില്‍ ബംഗളൂരു
ഇതുവരെ 22 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം ബംഗളൂരുവിനായിരുന്നു.ഏഴ് തവണ ഡല്‍ഹിയും ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications