കൊല്‍ക്കത്തയ്ക്ക് ഇന്ന് ചെന്നൈ വെല്ലുവിളി; തോറ്റാല്‍ കെ.കെ.ആര്‍ ആദ്യ നാലിന് പുറത്ത്
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ. അവസാന രണ്ട് മത്സരവും തോറ്റ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ജയത്തില്‍ കുറഞ്ഞൊന്നും കൊല്‍ക്കത്ത ഇന്ന് പ്രതീക്ഷിക്കുന്നില്ല.കാരണം ചെന്നൈയ്‌ക്കെതിരേ ഇന്ന് തോറ്റാല്‍ ആദ്യ നാനില്‍ നിന്ന് പുറത്തുപോകും. നിലവില്‍ ഏഴ് മത്സരത്തില്‍ നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ ആറ് ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റുള്ള ചെന്നൈയാണ് തലപ്പത്ത്.
ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയോട് ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു.ഇതിന് മറുപടി പറയേണ്ടത് കൊല്‍ക്കത്തയ്ക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ അവസാന രണ്ട് മത്സരത്തിലെ കൊല്‍ക്കത്തയുടെ പ്രകടനം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അവസാന മത്സത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. ക്രിസ് ലിന്നിനെയും സുനില്‍ നരെയ്‌നും പുറത്തിരുത്തിയ കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ ആകെ പിഴയ്ക്കുന്നതാണ് കളത്തില്‍ കണ്ടത്. എന്നാല്‍ കരുത്തരായ ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്ത പരീക്ഷണത്തിന് മുതിരുമോയെന്ന് കണ്ടറിയണം.

റസലാണ് ആശ്രയം
ആന്‍ഡ്ര റസലെന്ന വിന്‍ഡീസ് ഓള്‍റൗണ്ടറെ അമിതമായി കൊല്‍ക്കത്ത ആശ്രയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ മത്സരങ്ങളെല്ലാം വ്യക്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത വിഴമിക്കുന്നു. എന്നാല്‍ പിന്തുടരുമ്പോള്‍ റസലിന്റെ ബാറ്റിങ് കരുത്തില്‍ കൊല്‍ക്കത്ത വിജയിക്കുന്നു. റസലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ടീം തോല്‍ക്കുന്നു. ഇതാണ് കൊല്‍ക്കത്തയുടെ അവസ്ഥ. പരിക്കിന്റെ പിടിയിലായ റസല്‍ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. കരുത്തുറ്റ നിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെടുന്നു. ഓപ്പണര്‍മാരായാ ക്രിസ് ലിന്നിന്റെയും സുനില്‍ നരെയ്‌ന്റെയും പ്രകടനം കൊല്‍ക്കത്തയ്ക്ക് ആദ്യ പവര്‍ പ്ലേയില്‍ അടിത്തറപാകുന്നു. ഇരുവരുടെയും അസാന്നിദ്ധ്യം ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ വ്യക്തം.

മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല
റോബിന്‍ ഉത്തപ്പ,നിധീഷ് റാണ എന്നിവര്‍ക്ക് ആദ്യ മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. മദ്ധ്യനിരയില്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. ബൗളിങ് നിരയ്ക്കും പഴയ ഫോമില്ല. റസല്‍ പന്തുകൊണ്ടും ടീമിന് ശക്തി പകരുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയും തരക്കേടില്ല. കുല്‍ദീപ് യാദവിന്റെ ചൈനാമാന്‍ ബൗളിങ്ങിന് പഴയ മൂര്‍ച്ചയില്ല. പീയൂഷ് ചൗളയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുന്നില്ല. അവസാന മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും മികവ് കാട്ടാന്‍ സാധിക്കാതിരുന്ന ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റിന് ഇന്നും കൊല്‍ക്കത്ത മധ്യനിരയില്‍ അവസരം നല്‍കിയേക്കും.

വിവാദച്ചൂടില്‍ ധോണി
ധോണിക്ക് എന്തുമാകാം എന്ന നിലപാടാണുള്ളതെന്ന വിമര്‍ശനം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ കൊല്‍ക്കത്തയ്‌ക്കെതിരേ ഇറങ്ങുന്നത്. രാജസ്ഥാനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയറോട് കയര്‍ത്തതാണ് ധോണിയെയും ചെന്നൈയെയും വിവാദത്തിലാക്കിയത്. എന്നാല്‍ മത്സരത്തിലേക്ക് വരുമ്പോള്‍ ഇതൊന്നും ചെന്നൈയെ ബാധിക്കുന്നില്ല. ഈ സീസണില്‍ മുംബൈയോട് മാത്രമാണ് തല കുനിക്കേണ്ടി വന്നത്. മറ്റു മത്സരങ്ങളിലെല്ലാം മികച്ച ജയം തന്നെ നേടി. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മ ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്നു.മദ്ധ്യനിരയില്‍ ധോണിയുടെ ബാറ്റിങ്ങിനെ ടീം കൂടുതല്‍ ആശ്രയിക്കുന്നു. ഓപ്പണിങ്ങില്‍ ഷെയ്ന്‍ വാട്‌സണും മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌നയ്ക്കും തിളങ്ങാനാവാത്തത് ചെന്നൈയെ കാര്യമായി ബാധിക്കുന്നു.

ബ്രാവോയുടെ ബാറ്റിങ്ങിന്റെ അഭാവം
സീനിയര്‍ സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങിനും ഇമ്രാന്‍ താഹിറിനും ചെന്നൈ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഇരുവരും അത് മനസ്സിലാക്കി പന്തെറിയുന്നുമുണ്ട്. മദ്ധ്യനിരയിലെ ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിങ്ങിന്റെ അഭാവം നികത്താന്‍ മിച്ചല്‍ സാന്റ്‌നറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ തുല്യര്‍
ഇതുവരെ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലെ വിജക്കണക്കില്‍ ഇരുകൂട്ടരും തുല്യരാണ്. എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണ വീതം വിജയം പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications