മുംബൈ: കോവിഡ് 19 വ്യാപനത്തെ ലോകത്തെ ആകെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളവിട്ടത്. സ്വാതന്ത്ര്യത്തോടെ പറന്നുനടന്ന മനുഷ്യരെ നാല് ചുമരിനുള്ളിലേക്ക് അടച്ചിടുന്ന അവസ്ഥവരെ കോവിഡ് സൃഷ്ടിച്ചു. എല്ലാ മേഘലയേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കോവിഡ് തള്ളിവിട്ടത്. ക്രിക്കറ്റ് മത്സരങ്ങളെല്ലാം മാര്‍ച്ച് ആദ്യവാരത്തോട് നിര്‍ത്തിവെച്ചതിന് ശേഷം ജൂലൈയിലാണ് പുനരാരംഭിച്ചത്.
ഇന്ത്യ പല പരമ്പരകള്‍ റദ്ദാക്കുകയും ഐപിഎല്‍ മാറ്റിവെക്കേണ്ട അവസ്ഥയും കോവിഡ്മൂലം ഉണ്ടായി. എന്നാല്‍ കോവിഡിന്റെ യഥാര്‍ത്ഥ പ്രതിസന്ധി ഒക്ടോബറിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടത്. 'മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് ഒരു തരത്തില്‍ ഇന്ത്യക്ക് അനുഗ്രഹമാണ്. കാരണം ബിസിസിഐയുടെ ആഭ്യന്തര മത്സരങ്ങള്‍ ഈ സമയത്തിനുള്ളില്‍ അവസാനിച്ചിരുന്നു.

എന്നാല്‍ ഒക്ടോബറിലേക്കും വൈറസ് വ്യാപനം നീളുന്നത് ആശങ്കയുണ്ടാക്കുന്നു. നമ്മുടെ പല അന്താരാഷ്ട്ര മത്സരങ്ങളും മാറ്റിവെച്ചു. അതിനായി പുതിയ തീയ്യതിയും വേദിയും കണ്ടെത്തി. എന്നാല്‍ ഒക്ടോബറിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ തിരിച്ചടി നമുക്ക് നല്‍കും. കാരണം അടുത്ത ആഭ്യന്തര സീസണ്‍ ആരംഭിക്കേണ്ടത് ഒക്ടോബറിലാണ്. അണ്ടര്‍16,19,വനിതാ ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങി നിരവധി ആളുകളെ ബാധിക്കുന്ന കാര്യമാണിത്'-രാഹുല്‍ ദ്രാവിഡ് പറഞ്ഞു. കോവിഡ് വ്യാപനം ശക്തമായതിനാല്‍ ഇത്തവണത്തെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റുകളെല്ലാം മുടങ്ങുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതുവരെയായും ഇതിനെക്കുറിച്ച് ബിസിസിഐ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല.അണ്ടര്‍ 19 ക്രിക്കറ്റില്‍ ഫൈനല്‍ വര്‍ഷം കളിക്കുന്ന താരങ്ങളുണ്ട്. അവര്‍ക്ക് മുന്നിലുള്ള മികച്ച അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയുടെ ക്രിക്കറ്റിന്റെ വളര്‍ച്ചയെ ബാധിക്കുന്ന കാര്യമാണ് ഈ വര്‍ഷം സംഭവിക്കാന്‍ പോകുന്നതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് 19ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ സെപ്തംബര്‍ 19നാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ അനുകൂല സാഹചര്യം അല്ലാത്തതിനാല്‍ ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. നേരത്തെ ഇന്ത്യ കോവിഡിനെത്തുടര്‍ന്ന് ശ്രീലങ്ക,സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നില്‍ അടുത്തതായുള്ളത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം കോവിഡിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.