രണ്ടാം വരവില്‍ തടികുറച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തതിന്റെ രഹസ്യം വെളിപ്പെടുത്തി ഷമി
ലണ്ടന്‍: ലോകകപ്പില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരം തന്നെ ശരിയായ രീതിയില്‍ വിനിയോഗിച്ച ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ താരം. അഫ്ഗാനിസ്ഥാനെതിരെ കൈവിട്ടുപോകുമായിരുന്ന മത്സരം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് ഷമി. അവസാന ഓവറിലെ ഹാട്രിക് താരത്തെ ലോക ശ്രദ്ധയിലെത്തിച്ചു.
കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷമി പിന്നീട് പൊടുന്നനെ ടീമില്‍ നിന്നും പുറത്തായിരുന്നു. ഫോമില്ലായ്മയും പരിക്കും താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുന്നതിലേക്ക് നയിച്ചു. കാല്‍ക്കുഴയില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷം ഭാരം വര്‍ധിച്ചെന്നും ഷമി പറയുന്നു. പന്തെറിയുമ്പോള്‍ കാലുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് താരം മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.

ഭാരം കുറച്ചത് നേട്ടമായി
ഭാരം കുറയ്ക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി. മധുരവും ബ്രഡ്ഡും പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കിയെങ്കിലും തനിക്കത് ഏറെ ഗുണം ചെയ്തു. ഭക്ഷണക്രമത്തിലെ മാറ്റം തടി കുറയ്ക്കാന്‍ സഹായിച്ചതോടെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നും ഷമി പറയുന്നു.

ഏകദിനത്തിലെ തിരിച്ചുവരവ്
ടെസ്റ്റ് ടീമിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഷമി ഏകദിന ടീമിലും ഇടംനേടി. ഇതിനിടെ ഭാര്യയുമായുണ്ടായ കേസുകള്‍ വലച്ചെങ്കിലും ബിസിസിഐ അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഷമിയുടെ കരാറും അംഗീകരിക്കപ്പെട്ടു. ഏകദിന ടീമില്‍ തിരിച്ചെത്തിയശേഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഷമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ലോകകപ്പ് ടീമിലേക്കുള്ള ടിക്കറ്റും നല്‍കി.

ക്യാപ്റ്റന്‍ കോലിയുടെ അംഗീകാരം
ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും കഴിഞ്ഞാല്‍ ഏകദിന ടീമില്‍ മൂന്നാമനായി ഷമി സ്ഥാനം പിടിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിക്കും ഷമിയുടെ ഫിറ്റ്‌നസില്‍ മതിപ്പാണ്. ഷമിയുടെ തിരിച്ചവരവ് ഗംഭീരമാണെന്നാണ് കോലി നേരത്തെ പറഞ്ഞിരുന്നത്. ഷമിയുടെ ഓട്ടവും പന്തേറും കൂടുതല്‍ ഉജ്വലമായിട്ടുണ്ട്. ഫിറ്റ്‌നസ് അതിശയിപ്പിക്കുന്നതാണെന്നും കോലി പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇത് അടുത്തമത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസമേകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications