ദില്ലി: പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് എഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കും. കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനില്‍ പോകാന്‍ കേന്ദ്രം അനുമതി നല്‍കാതിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സെപ്തംബര്‍ 14നും 15നുമായി ഇസ്ലാമാബാദിലാണ് ഡേവിസ് കപ്പ് മത്സരം നടക്കുക.
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഇതോടെ, 55 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാന്‍ പോകുന്നത് ഇല്ലാതായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയോടെ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഡേവിസ് കപ്പ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പരമ്പരയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്ങിനെയായിരുന്നെങ്കില്‍ സര്‍ക്കാര്‍ രാഷ്ട്രീയപരമായ തീരുമാനമെടുക്കുമായിരുന്നു. വേള്‍ഡ് സ്‌പോര്‍ട്ടിങ് ബോഡിയുടെ മത്സരമായതിനാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യ കളിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഹേഷ് ഭൂപതിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
രോഹന്‍ ബൊപ്പണ്ണ, പ്രജ്‌നേഷ് ഗുണേശ്വരന്‍, രാം കുമാര്‍ രാമനാഥന്‍, സാകേത് മെയ്‌നേനി, ദിവിജ് ശരണ്‍, ശശികുമാര്‍ മുകുന്ദ് എന്നിവരാണ് ഇന്ത്യയ്ക്കായി പാക് മണ്ണില്‍ കളിക്കാനിറങ്ങുക. സുന്ദര്‍ അയ്യരാണ് ടീമിന്റെ മാനേജര്‍. പാക്കിസ്ഥാനില്‍ നടക്കാറുള്ള പ്രധാന കായിക മത്സരങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇന്ത്യ ഒഴിവാക്കുകയാണ് പതിവ്. 2007ല്‍ പാക്കിസ്ഥാനിലേക്ക് നടന്ന ക്രിക്കറ്റ് പരമ്പരയാണ് അവസാനമായി നടന്നത്. 2006ലാണ് ഇന്ത്യ പാക്കിസ്ഥാനുമായി ഒടുവില്‍ ഡേവിസ് കപ്പ് മത്സരം കളിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 3-2ന് വിജയിച്ചിരുന്നു.