ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച വൈകിട്ട് ധര്‍മശാലയില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന മത്സരം ആരാധകര്‍ക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷ. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെങ്കിലും ഐപിഎല്ലിലൂടെ ഇന്ത്യന്‍ സാഹചര്യം നന്നായി അറിയാവുന്നവരാണ് എതിരാളികളെന്നതിനാല്‍ പരമ്പര കടുക്കുമെന്നുറപ്പാണ്.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമാക്കിയാണ് ഇന്ത്യ ടീമിനെ ഇറക്കുന്നത്. യുവതാരങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാകും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കാനിറങ്ങുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ പരീക്ഷിക്കും. മനീഷ് പാണ്ഡെയ്ക്ക് ആദ്യ മത്സരത്തില്‍ ടീമില്‍ സ്ഥാനമുണ്ടാകില്ല. കെഎല്‍ രാഹുലിനും കാത്തിരിക്കേണ്ടിവന്നേക്കും.

ടീമിലെ ഏക വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് കളിക്കുമെന്നുറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും ഓള്‍ റൗണ്ടര്‍മാരാകും. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ബൗളിങ്ങിനും നേതൃത്വം നല്‍കും. സ്പിന്നര്‍മാരില്‍ പരീക്ഷണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. വാഷിങ്ടണ്‍ സുന്ദറിന് പകരം നവദീപ് സെയ്‌നി കളിക്കാനും ഇടയുണ്ട്.
ഋഷഭ് പന്തിന് പരമ്പര നിര്‍ണായകമാകും. ഇഷാന്‍ കിഷനും സഞ്ജു സാംസണും ടീമില്‍ അവസരം കാത്തിരിക്കെ പന്തിന്റെ പ്രകടനം സെലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പന്തിന് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന പരമ്പരയില്‍ സ്ഥാനം നഷ്ടമാകും. ലോകകപ്പിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാനുള്ള അവസരമായാണ് വരും മത്സരങ്ങള്‍ സെലക്ടര്‍മാര്‍ കാണുക. വിശ്രമത്തിനുശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ മടക്കം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വെസ്റ്റീന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന പാണ്ഡ്യ സ്വന്തം നാട്ടില്‍ വെടിക്കെട്ട് പുറത്തെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.