ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കുമോ?; പുതിയ മഴ പ്രവചനം ഇങ്ങനെ, ടോസ് നിര്‍ണായകമാകും
മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും ഇംഗ്ലണ്ട് ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളമെത്തും. മത്സരത്തിന്റെ ടിക്കറ്റിന് തീപിടിച്ചവിലയാണ്. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ടിക്കറ്റ് വില എത്തിനില്‍ക്കുന്നത്. എത്ര തുകയായാലും കളിയുടെ ആവേശത്തില്‍ ഇവ കരിഞ്ചന്തയില്‍ വിറ്റഴിയുന്നുണ്ട്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ആദ്യമായാണ് ഇരു ടീമുകളും ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. ഇതിനിടെ ഏഷ്യ കപ്പില്‍ രണ്ടുതവണ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കാണ് ജയസാധ്യതയെങ്കിലും ഇംഗ്ലണ്ടിലെ കാലവസ്ഥ ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

ഇന്ത്യ പാക് മത്സരത്തിനും ആശങ്ക
ലോകകപ്പില്‍ ഇതിനകം തന്നെ നാല് മത്സരങ്ങള്‍ മഴമൂലം പൂര്‍ണമായും മുടങ്ങിയതിനാല്‍ മാഞ്ചസ്റ്ററിലും ആരാധകര്‍ ആശങ്കയിലാണ്. കാലാവസ്ഥ പ്രവചനവും അനുകൂലമല്ല. മാഞ്ചസ്റ്ററില്‍ ചെറിയതോതില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ മഴമേഘങ്ങള്‍ കളിയുടെ ജയപരാജയം നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടോസ് നിര്‍ണായകമാകും
മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീമുകള്‍ ഇഷ്ടപ്പെടുക. ടോസ് നഷ്ടമാകുന്ന ടീമിന് തിരിച്ചടിയുണ്ടായേക്കും. പാക്കിസ്ഥാന്റെ കരുത്തുറ്റ പേസ് ആക്രമണം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കൂടുതല്‍ കരുത്തുകാട്ടുന്നത് ഓസ്‌ട്രേലിയയ്‌ക്കെതിരെ ദൃശ്യമായതാണ്. അവസാന ഓവറുകളില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിയുകയായിരുന്നു.

മത്സരഫലം ഉണ്ടാകും
മുഴുവന്‍ ഓവറിലും കളി നടന്നിട്ടില്ലെങ്കിലും ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഫലമുണ്ടാകുമെന്നുതന്നെയാണ് ഐസിസിയുടെ പ്രതീക്ഷ. ഇംഗ്ലണ്ടില്‍ വേനല്‍ക്കാലത്തെ ഇത്തരം മഴ പതിവാണ്. എന്നാല്‍, ഇത്തവണ കടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങളില്ലാത്തതും തിരിച്ചടിയായി. സെമിഫൈനല്‍ മുതല്‍ മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications